04 August Tuesday

ത്യാഗസ്‌മരണയിൽ ബലിപെരുന്നാൾ ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കോവിഡ്- 19 മാനദണ്ഡങ്ങളനുസരിച്ച്‌ കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച ബലിപെരുന്നാളിന്റെ ഭാഗമായി നടന്ന ഈദ് നമസ്കാരം ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

 കോട്ടയം

വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഓർമപുതുക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ഇസ്ലാംമത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. പള്ളിയിൽ 100 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. സാമൂഹിക അകലം പാലിച്ചായിരുന്നു നമസ്കാരം. പള്ളികളിൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണം ഉണ്ടായി. നിസ്കരിക്കാൻ എത്തിയവരുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ അടങ്ങുന്ന വിവരം ഫോൺ നമ്പർ അടക്കം രജിസ്റ്ററിൽ രേഖപ്പെടുത്തി. തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് പള്ളിയിൽ പ്രവേശിപ്പിച്ചത്. സാനിറ്റൈസർ സംവിധാനം നൽകി കൈകൾ ശുചികരിച്ച ശേഷമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. നമസ്കരിക്കുന്നതിനും സാമൂഹിക അകലം പാലിച്ചു. നമസ്കരിക്കാനുള്ള മുസല്ല(വിരിപ്പ്) സ്വന്തമായി കൊണ്ടുവരണമെന്ന നിർദേശവും പള്ളികളിൽ നിന്ന്  നൽകിയിരുന്നു.
രാവിലെ ഏഴിനായിരുന്നു ജില്ലയിലെ പള്ളികളിൽ നമസ്കാരം. പ്രായമായവരെയും കുട്ടിക്കൾക്കും പ്രവേശനമില്ലായിരുന്നു. അതേ സമയം കണ്ടെയ്ൻമെന്റ് സോണിൽ കൂട്ടപ്രാർഥനയും ബലികർമമോ അനുവദിച്ചിരുന്നില്ല. ഇവർ ബലികർമവും അനുബന്ധ ചടങ്ങളും വീട്ടിൽ നടത്തി. അഞ്ച് പേരിൽ കൂടാനും പാടില്ല.
കോട്ടയം തിരുനക്കര പുത്തൻ പള്ളി, താജ് ജുമാ മസ്ജിദ്, താഴത്തങ്ങാടി ജുമാ മസ്ജിദ്, കാഞ്ഞിരപ്പള്ളി നൈനാർ പളളി, എരുമേലി നൈനാർ പള്ളി, മുണ്ടക്കയം ടൗൺ ജുമാ മസ്ജിദ്‌, കൂട്ടിക്കൽ ജുമാ മസ്ജിദ്‌, മുണ്ടക്കയംപുത്തൻചന്ത ഇർഷാദിയ അക്കാദമി, ഏന്തയാർ ബദരിയ്യാ മസ്ജിദ്‌, വണ്ടൻപതാൽ ജുമാ മസ്ജിദ്, കുലശേഖരമംഗലം സലഫി മസ്ജിദ്‌ തുടങ്ങിയ പ്രമുഖ പള്ളികളിൽ രാവിലെ തന്നെ പെരുന്നാൾ നമസ്കാരം നടന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top