12 August Friday
ഇന്ന്‌ ദേശീയ ഡോക്ടേഴ്‌സ്‌ ദിനം

പ്രായം ക്യൂവിൽ നിൽക്കട്ടെ; 
അച്ചാമ്മ ഡോക്ടർ തിരക്കിലാണ്‌

ഇക്ബാൽ ഇല്ലത്തുപറമ്പിൽUpdated: Friday Jul 1, 2022
 
കാഞ്ഞിരപ്പള്ളി
മൂന്നുവർഷം മുമ്പാണ്‌ ഡോ. അച്ചാമ്മ ചാണ്ടി നവതി മധുരം നുണഞ്ഞത്‌. കരുണനിറഞ്ഞ മുഖവുമായി കാഞ്ഞിരപ്പള്ളി റാണി ആശുപത്രിയിലെ ഗൈനക്കോളജിയിൽ തിരക്കിലാണ്‌ അയ്യായിരത്തോളം പ്രസവമെടുത്ത കിഴക്കൻ കേരളത്തിലെ ആദ്യകാല ഗൈനക്കോളജിസ്റ്റ്. ഒപിയിലെത്തുന്നവരെ നിറപുഞ്ചിരിയോടെ വരവേറ്റ്‌ കൃത്യമായ ചികിത്സയും മരുന്നും നൽകി യാത്രയാക്കും. 
ചിട്ടയായ ജീവിതശൈലിയാണ്‌ കോഴിക്കോടുകാരിയായ ഡോക്ടറുടെ ആരോഗ്യരഹസ്യം. ‘ ദിവസവും 4.30ന് ഉണരും. രണ്ടുമണിക്കൂർ പ്രാർഥന. തുടർന്ന്‌ ചൂടുവെള്ളത്തിൽ കുളി. ശേഷം പാലും മുട്ടയും കഴിക്കും. 7.30ന് പത്രവായന. ഒമ്പതോടെ വിശാലമായ കാപ്പികുടി. പിന്നെ ആശുപത്രിയിലേക്ക്‌. പരിശോധനയ്‌ക്ക്‌ ശേഷം 1.30ന് വിഭവസമൃദ്ധമായ ഉച്ചയൂണ്. വൈകിട്ട്‌ നാലിന് ചായ. രാത്രി ഏഴിന് സൂപ്പ്. 7.30ന് അത്താഴമായി ഓട്സ്. എട്ടോടെ ഉറക്കം. ഇതിനിടെ തയ്യൽ, പൂന്തോട്ട പരിപാലനം, പച്ചക്കറികൃഷി എന്നിവയ്‌ക്കും സമയം കണ്ടെത്തും.’ 93ന്റെ ചുറുചുറുക്കുള്ള മറുപടി. 
1952ൽ വെല്ലൂർ മെഡിക്കൽ കോളേജിൽനിന്നാണ്‌ അച്ചാമ്മ  എംബിബിഎസ് പാസായത്‌. തലവടി സ്വദേശിയായ ഡോ. ചാണ്ടിയുമായുള്ള വിവാഹശേഷം ആദ്യം കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലും സേവനമനുഷ്ടിച്ചു. 
  ‘ കോവിൽക്കടവിൽ വാടകയ്‌ക്കെടുത്ത ഇരുനിലക്കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ ആദ്യ ആശുപത്രി. കഷ്ടപ്പാടിന്റെ നാളുകളായിരുന്നു അന്ന്‌. 1970 സെപ്തംബർ 16ന് ദേശീയപാത 183ന്റെ അരികിൽ മൂന്നേക്കറിൽ ഭർത്താവുമൊന്നിച്ച്‌ ഇപ്പോഴത്തെ റാണി ആശുപത്രി തുടങ്ങി. കാഞ്ഞിരപ്പള്ളിയിൽ ആദ്യമെത്തിയപ്പോൾ എല്ലാ സൗകര്യങ്ങളും തന്ന്‌ സഹായിച്ചത്‌ പൗരപ്രമുഖനായിരുന്ന വി എസ് മുശാവണ്ണൻ വലിയകുന്നത്ത് ആയിരുന്നു. ’–-ഡോക്ടർ ഓർമ കുടഞ്ഞിട്ടു. 
പുളിക്കത്തറ കുടുംബത്തിൽ മക്കളും മരുമക്കളും പേരക്കുട്ടികളുമായി 10 പേരാണ്‌ ഡോക്ടർമാർ. ഡോ. ചാണ്ടി 20 വർഷം മുമ്പ് മരിച്ചു. സൂസൻ എബ്രഹാം, സന്തോഷ് ചാണ്ടി, സുമാ ചാണ്ടി, റാണി ചാണ്ടി, അനു ചാണ്ടി എന്നീ അഞ്ചുമക്കളും ഡോക്ടർമാർ. കൊച്ചുമക്കൾ വിവിധ രാജ്യങ്ങളിൽ മെഡിസിന് പഠിക്കുന്നു. അച്ചാമ്മയുടെ അച്ഛൻ എൻ എ എബ്രഹാം സർക്കാർ സർവീസിൽ ഡോക്ടറായിരുന്നു. മുത്തച്ഛനും ഡോക്ടറായിരുന്നു. അച്ചാമ്മയുടെ രണ്ട്‌ സഹോദരിമാരും ഡോക്ടർമാരാണ്. മകന്റെ ഭാര്യ ഡോ. അൻസു റാണി ആശുപത്രിയിൽ ഗൈനക്കോളജിയിലുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top