04 July Saturday

അമ്മയെ കൊന്ന സംഭവം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

 

ചങ്ങനാശേരി
തൃക്കൊടിത്താനം അമരയിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ നിതിനെ പൊലീസ് വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കന്യാക്കോണിൽ(വാക്കയിൽ) കുഞ്ഞന്നാമ്മ(55) ആണ് മകന്റെ വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച പകൽ 11 ഓടെയാണ് പ്രതിയെ  വീട്ടിലെത്തിച്ചത്. മുഖത്ത് ഭാവഭേദമോ   കൂസലോ ഇല്ലായിരുന്നു‌. ഈ സമയം കുഞ്ഞന്നാമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആംബുലൻസിലേക്ക് മാറ്റിയിരുന്നു. 
നിതിനെ മുറിയ്ക്കുള്ളിൽ എത്തിച്ചപ്പോൾ   കൊലപാതകം നടത്തിയ രീതിയെക്കുറിച്ച്  പൊലീസിനോട് വിവരിച്ചു. ഭക്ഷണം പുറത്തുനിന്ന് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട  പ്രകാരം നിതിൻ അമ്മയ്ക്ക് ഫ്രൈഡ്രൈസ് വാങ്ങി. എന്നാൽ ഫ്രൈഡ്രൈസ് വേണ്ടെന്നു പറഞ്ഞ് കുഞ്ഞന്നാമ്മയും മകനും തമ്മിൽ വഴക്കുകൂടി. ഇതിനിടയിൽ ചുറ്റികകൊണ്ട്‌ കുഞ്ഞന്നാമ്മ നിധിനെ മർദിക്കുകയും കറിക്കത്തിയെടുത്ത്‌ മകന്റെ കൈയ്ക്കിട്ടു വെട്ടുകയും ചെയ്തു. ഇതിൽ കുപിതനായ നിതിൻ കറിക്കത്തി വാങ്ങി കുഞ്ഞന്നാമ്മയെ തിരികെ വെട്ടുകയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. തലയ്ക്കു പുറകിലും കഴുത്തിന്റെ വലതുവശത്തുമാണ് ആഴത്തിൽ വെട്ടേറ്റത്. കൂടാതെ ശരീരത്ത്‌ വലുതും ചെറുതുമായ നിരവധി വെട്ടുകളുമുണ്ട്. 
മരിച്ചെന്നുറപ്പാക്കിയ ശേഷം അമ്മയുടെ സഹോദരനെ വിളിച്ചുപറയുകയും ഫാമിലി വാട്ട്‌സ്ആപ് ഗ്രൂപ്പിലേയ്ക്ക്  ഫോട്ടോ അയക്കുകയും ചെയ്തതായി നിധിൻ പൊലീസിനോട് പറഞ്ഞു. വീടിന്റെ ഗ്രില്ല്‌ പൂട്ടിയിട്ടതു കാരണം പുറത്തിറങ്ങാനായില്ല. താഴ് അടിച്ച്‌ തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചങ്ങനാശേരി ഡിവൈഎസ്‌പി എസ് സുരേഷ് കുമാറിന്റെ  മേൽനോട്ടത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ അനൂപ് കൃഷ്ണയാണ്  തെളിവെടുപ്പ്  പൂർത്തീകരിച്ചത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവരമറിഞ്ഞ്  വലിയ ജനക്കൂട്ടവും വീട്ടിലെത്തി.  ചുറ്റുപാടുകളുമായി വലിയ ബന്ധമില്ലാതിരുന്ന വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. ബന്ധുക്കളോടും അകലം പാലിച്ചിരുന്ന കുടുംബം ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു. 
ഷാർജയിലായിരുന്ന നിതിൻ  നാട്ടിലെത്തിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളു. കുഞ്ഞന്നാമ്മയുടെ സംസ്‌കാരം  മാന്താനം ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ  നടത്തി. മറ്റൊരു മകൻ ജിതിൻ(ഷാർജ).
 
 
പ്രധാന വാർത്തകൾ
 Top