21 August Wednesday

ഈ വിജയം ‘ഒരുമയുടെ ഫാഷൻ’

ജയൻ ചടയമംഗലംUpdated: Wednesday Jul 31, 2019

ഒരുമ പ്രവർത്തകർ ജോലിയിൽ

ചടയമംഗലം
കുടുംബശ്രീയിലെ പെണ്ണുങ്ങൾക്ക്‌ ഫാഷൻ ഡിസൈനിങ് വഴങ്ങുമോ? വഴങ്ങുമെന്നു മാത്രമല്ല അവിടെ വെന്നിക്കൊടി പാറിക്കാനും സാധിക്കുമെന്ന്‌ തെളിയിക്കുകയാണ്‌ പൂയപ്പള്ളി പഞ്ചായത്തിലെ ‘ഒരുമ’യിലെ സ്‌ത്രീകൾ. വിവാഹവസ്‌ത്രങ്ങളിലെ വ്യത്യസ്‌ത ഫാഷനുകളാണ്‌ ഒരുമ കുടുംബശ്രീ യൂണിറ്റ്‌ ഒരുക്കുന്നത്‌. 
വിവാഹപ്പന്തലിലേക്ക് കയറുന്ന വധുവിന്‌ ഇഷ്ടമുള്ള ഡിസൈനിൽ ഇവർ വസ്‌ത്രമൊരുക്കും. ഒരുവർഷം മുമ്പാണ്‌ 12 പേരടങ്ങിയ സ്ത്രീകൾ കുടുംബശ്രീ യൂണിറ്റ്‌ തുടങ്ങി ലോണെടുത്ത് ഫാഷൻ ഡിസൈനിങ്ങും തുന്നലും ആരംഭിച്ചത്‌. തൊട്ടവർക്കെല്ലാം കൈപൊള്ളിയ മേഖലയാണെന്ന മുന്നറിയിപ്പുമായി എത്തിയവർക്കാർക്കും ഇവരെ പിന്തിരിപ്പിക്കാനായില്ല. ആത്മവിശ്വാസത്തോടെ ആരംഭിച്ച സംരംഭം വിജയത്തിന്റെ പടവുകൾ താണ്ടി.
ഇരുപതു വർഷമായി തുന്നൽ ജോലിചെയ്യുന്ന മിയ്യണ്ണൂർ കുന്നത്തുവീട്ടിൽ പരിമളയാണ് ഒരുമയെ നയിക്കുന്നത്. ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമയുളള  മകൾ അതുല്യയാണ്‌. ഗ്രൂപ്പിലുളള സീമന്തിനി, സിന്ധു മുരളി, ഷൈനി, ബീന എന്നിവരാണ് മുഖ്യ സഹായികൾ. ആദ്യം കൊല്ലം കേന്ദ്രീകരിച്ചായിരുന്നു തുടക്കം. പക്ഷേ, വാടക താങ്ങാതായപ്പോൾ പൂയപ്പളളിയിലേക്ക്‌ പ്രവർത്തനം മാറ്റി. സാഫ്രോൺ ഡിസൈനിങ്‌ എന്ന പേരിൽ പ്രവർത്തനം വിപുലീകരിച്ചു. ഇന്ന്‌ സിറ്റിച്ചിങ്ങും ഡിസൈനിങ്ങും മാത്രമല്ല ഡ്രസ്‌ മെറ്റീരിയൽസും ഇവിടെ ലഭിക്കും. വധുവിന്റെ അഭിരുചിക്കനുസരിച്ചാണ് സ്റ്റിച്ചിങ്ങുകൾ. വെഡ്ഡിങ്‌ ബ്ലൗസുകൾ, ഗൗണുകൾ, ലഹങ്ക ഏത് പുതിയ മോഡലും ഇവിടെ റെഡിയാണ്. 
ഏത്‌ വിശേഷദിവസങ്ങളിലും അണിയാനുളള വസ്ത്രങ്ങളും മറ്റ് തുന്നൽ ജോലികളും ഇവർ ചെയ്‌തുകൊടുക്കുന്നുണ്ട്‌. ഇതുവരെ ഇരുപതിലധികം വിവാഹങ്ങൾക്കാണ്‌ ഒരുമ കല്യാണവസ്‌ത്രം തയ്യാറാക്കിയത്‌.
പ്രധാന വാർത്തകൾ
 Top