11 August Thursday

തോട്ടണ്ടി ഇറക്കുമതിക്ക് നടപടി; പ്രതീക്ഷയോടെ കശുവണ്ടി വ്യവസായം

വെബ് ഡെസ്‌ക്‌Updated: Tuesday May 31, 2016

കൊല്ലം > ജോലിയും കൂലിയുമില്ലാതെ ദുരിതക്കയത്തിലായ കശുവണ്ടി വ്യവസായത്തില്‍ പ്രതീക്ഷയുടെ നറുവെട്ടം. ഒമ്പതു മാസമായി അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. തോട്ടണ്ടി ഇറക്കുമതിക്ക് രണ്ടു ദിവസത്തിനകം ഇ ടെണ്ടര്‍ ക്ഷണിക്കാന്‍ കശുവണ്ടി വികസന കോര്‍പറേഷന്റെ അടിയന്തര ബോര്‍ഡ് യോഗം തീരുമാനിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി തോട്ടണ്ടി ലഭ്യമാകുന്നതോടെ അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ജൂലൈയില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.  ഇതോടെ പട്ടിണിപ്പാവങ്ങളായ മൂന്നു ലക്ഷത്തോളം കശുവണ്ടിത്തൊഴിലാളികളുടെ ജീവിതത്തിലേക്ക് പഴയ സുവര്‍ണകാലം തിരികെയെത്തും. തോട്ടണ്ടിക്ഷാമത്തിന്റെ പേരിലാണ് കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറികള്‍ അടച്ചിട്ടത്. വര്‍ധിപ്പിച്ച മിനിമംകൂലി തൊഴിലാളികള്‍ക്കു നിഷേധിച്ചുകൊണ്ട് സ്വകാര്യഫാക്ടറികളും പൂട്ടി. പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തോട്ടണ്ടി ഇറക്കുമതിക്ക് നടപടി ആരംഭിച്ചു. കശുവണ്ടി വ്യവസായത്തിന്റെ ചുമതലയുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കശുവണ്ടി വികസന കോര്‍പറേഷന്‍ വിദേശ രാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി ഇറക്കുമതിചെയ്യാന്‍ ഇ–ടെണ്ടര്‍ നടപടി തുടങ്ങിയത്. എട്ടിനു മന്ത്രിസഭാ യോഗത്തിനുശേഷം വ്യവസായബന്ധ സമിതി(ഐആര്‍സി) വിളിച്ച് ഫാക്ടറികള്‍ എത്രയുംവേഗം തുറക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കും. ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സ്വകാര്യ മുതലാളിമാര്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചില സ്വകാര്യഫാക്ടറികള്‍ ഇതിനകം തുറന്നു. തോട്ടണ്ടി ഇറക്കുമതിയില്‍ ഇടനിലക്കാര്‍ കമീഷന്‍ പറ്റുന്നത് കര്‍ശനമായി തടയുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പരമാവധി തൊഴില്‍ദിനങ്ങള്‍ നല്‍കി ബോണസ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണംചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് കശുവണ്ടിവ്യവസായം വ്യാപിച്ചുകിടക്കുന്നത്. കൊല്ലം ജില്ലയില്‍ അറുനൂറോളം ഫാക്ടറികളുണ്ട്. കശുവണ്ടി വികസന കോര്‍പറേഷന്റെ 30 ഫാക്ടറികളില്‍ 24 എണ്ണം കൊല്ലം ജില്ലയിലാണ്. പൊതുമേഖലാ സ്ഥാപനമായ കാപ്പക്സിന്റെ പത്തില്‍ ഒമ്പതു ഫാക്ടറികളും കൊല്ലം ജില്ലയിലാണ്. കാപ്പക്സ് ഫാക്ടറികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷത്തില്‍ 284 ദിവസംവരെ കോര്‍പറേഷന്‍ ഫാക്ടറികളില്‍ ജോലി നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം 56 ദിവസം മാത്രമാണ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചത്. തൊഴിലാളി സമരത്തെ തുടര്‍ന്ന് 2014 ഡിസംബറില്‍ കൂലി 35 ശതമാനമായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍, 2015 ജനുവരി ഒന്നു മുതല്‍ പുതിയ കൂലി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തൊഴിലാളി സമരം ശക്തമായതോടെ ഏപ്രിലില്‍ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കശുവണ്ടി കോര്‍പറേഷന്‍ മിനിമംകൂലി നല്‍കാതെ ഫാക്ടറികള്‍ അനിശ്ചിതമായി അടച്ചിട്ടു. ശക്തമായ സമരത്തെ തുടര്‍ന്ന് ഓണക്കാലത്ത് 22 ദിവസം ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു. തൊഴിലാളികളുടെ ക്ഷേമ പെന്‍ഷനുകള്‍ 11 മാസമായി മുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top