കരുനാഗപ്പള്ളി
കന്നിയങ്കത്തിൽ കന്നിവോട്ട് ചെയ്യാനാകുക...അതും വോട്ടിങ് യന്ത്രത്തിൽ സജ്ജീകരിച്ച സ്വന്തം പേരിനു നേർക്കുള്ള ചിഹ്നത്തിൽ വിരലമർത്തി. അത്തരമൊരു ഭാഗ്യമാണ് ആലപ്പാട് പഞ്ചായത്തിലെ 15–-ാം വാർഡ് സ്ഥാനാർഥിയായ ശ്രീക്കുട്ടിയെ തേടിയെത്തിയിരിക്കുന്നത്. ആലപ്പാടിന്റെ തെക്കേയറ്റമായ മൂക്കുംപുഴയിലാണ് മുതിർന്നവരുടെയെല്ലാം ആശിർവാദത്തോടെ ഇരുപത്തൊന്നുകാരി തെരഞ്ഞെടുപ്പ്
പോരിനിറങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു ശ്രീക്കുട്ടി കന്നിവോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. വോട്ടർ തിരിച്ചറിയൽ കാർഡിനുവേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും സാങ്കേതികതടസ്സത്തെ തുടർന്ന് ലിസ്റ്റിൽ പേര് വന്നില്ല. ഇതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ കഴിയാതെ പോയത്.
കന്നിയങ്കമെങ്കിലും പൊതുപ്രവർത്തനരംഗത്തും പുതുമുഖമല്ല ശ്രീക്കുട്ടി. ബാലസംഘത്തിലൂടെ കടന്നുവന്ന് എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും സജീവ പ്രവർത്തകയായിരുന്നു. എസ്എഫ്ഐ ആലപ്പാട് സൗത്ത് മേഖലാ കമ്മിറ്റി അംഗമായും ഡിവൈഎഫ്ഐ ബ്ലോക്ക്, മേഖലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. നിരവധി സമര പ്രക്ഷോഭങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം വഹിച്ചു. യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. കോളേജിൽ എൻഎസ്എസ് പ്രവർത്തനങ്ങളിലും സജീവം. ബിരുദാനന്തരബിരുദ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്തം എൽഡിഎഫ് നേതൃത്വം ഏൽപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫിന് അനുകൂലമായി വിധിയെഴുതിയ വാർഡുകൂടിയാണ്
ഇത്.
മത്സ്യത്തൊഴിലാളിയായ മോഹൻലാലിന്റെയും രതിയുടെയും മകളായ ശ്രീക്കുട്ടിക്ക് കഴിഞ്ഞ മാസമാണ് 21 വയസ്സ് പൂർത്തിയായത്. കരിമണലിന്റെ നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം പകർന്ന മാണിക്യത്തിന്റെ ചെറുമകളുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..