എഴുകോൺ
ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺ (36) ആണ് പൂയപ്പള്ളി പാെലീസിന്റെ പിടിയിലായത്. അരുണിന്റെ ഭാര്യ ആശ (27) യാണ് മരണപ്പെട്ടത്. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അടിവയറ്റിനേറ്റ ചവിട്ടാണ് മരണ കാരണമെന്ന് തെളിഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് പാെലീസ് പറയുന്നത്: മരംവെട്ട് തൊഴിലാളിയായ അരുൺ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഒക്ടോബർ 31നും മദ്യലഹരിയിലെത്തിയ അരുൺ ആശയുമായി വഴക്കിട്ടു. അടിവയറ്റിൽ ചവിട്ടേറ്റ് ആശ അബോധാവസ്ഥയിലായി. തുടർന്ന് കാെട്ടാരക്കര താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശ നവംബർ നാലിന് മരിച്ചു.
ബന്ധുക്കൾ സംശയം പറഞ്ഞതിനെ തുടർന്ന് അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആട് ഇടിച്ചാണ് പരിക്കേറ്റതെന്നാണ് ആശുപത്രികളിൽ അരുൺ പറഞ്ഞിരുന്നത്. പാെലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മക്കളുടെയും അരുണിന്റെ അമ്മയുടെയും മൊഴിയും പൊലീസ് ശേഖരിച്ചു. ആശുപത്രിയിൽ നൽകിയ മെഴിയിലും വീട്ടുകാർ നൽകിയ മൊഴിയിലും വൈരുധ്യം കണ്ടെത്തി. ഞായറാഴ്ച പാേസ്റ്റ്മാേർട്ടം റിപ്പാേർട്ട് വന്നപ്പോഴാണ് മരണകാരണം കാെലപാതകമാണെന്ന് തെളിഞ്ഞത്. ആശയുടെ ശരീരത്തിൽ ഏഴ് മുറിവുകളാണ് കണ്ടെത്തിയതെങ്കിലും മരണകാരണം അടിവയറ്റിലേറ്റ ചവിട്ടാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവെെഎസ്പി നസീറിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രൻ, എസ്ഐമാരായ രാജൻബാബു, രതീഷ് കുമാർ, എഎസ്ഐമാരായ ഉദയകുമാർ, അനിൽകുമാർ, വിജയകുമാർ, വനിതാ സിപിഒ ജുമെെല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..