04 December Friday

‘മാഡം എന്തായാലും മത്സരിക്കണം...’

സ്വന്തം ലേഖകന്‍Updated: Friday Oct 30, 2020
കൊല്ലം 
ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണയോട്‌ ഐ ഗ്രൂപ്പിലെ ശൂരനാട്‌ രാജശേഖരൻ വിഭാഗത്തിന്‌ ഒരു അഭ്യർഥനയേയുള്ളൂ. ‘കോർപറേഷൻ തെരഞ്ഞെടുപ്പിൽ മാഡം മത്സരിക്കണം’. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുംമുമ്പേ സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ തലവേദന സൃഷ്ടിക്കുന്നതിനിടെയാണ്‌ സ്വന്തം ഗ്രൂപ്പിലും ഡിസിസി പ്രസിഡന്റിനോട്‌ അമിത സ്‌നേഹമുള്ളവരുടെ സമ്മർദം. ‌ ഇതിലെ അപകടം തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കാനുള്ള അടവുകൾ മെനയുകയാണ്‌ ബിന്ദുകൃഷ്‌ണ. തെരഞ്ഞെടുപ്പുകളിലെ ബിന്ദുകൃഷ്‌ണയുടെ ട്രാക്ക്‌ റെക്കോഡിലാണ്‌ ‘അഭ്യുദയകാംക്ഷി’കളുടെ പ്രതീക്ഷ. 
ഒരേ ഗ്രൂപ്പാണെങ്കിലും ഒരിക്കലും യോജിച്ചുപോകാത്തവരാണ്‌ കെപിസിസി വൈസ്‌പ്രസിഡന്റ്‌ ശൂരനാട്‌ രാജശേഖരനും ബിന്ദുകൃഷ്‌ണയും. ബിന്ദുകൃഷ്‌ണയെ കൊല്ലം കോർപറേഷനിൽ മത്സരിപ്പിച്ച്‌ തോൽവിയുടെ ചരിത്രം ആവർത്തിപ്പിക്കുകയും അങ്ങനെ നിയമസഭാതെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പാക്കുകയുമാണ്‌ ശൂരനാട്‌ വിഭാഗത്തിന്റെ തന്ത്രം. പഞ്ചായത്ത്‌, നിയമസഭ, പാർലമെന്റ്‌ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച്‌ പരാജയപ്പെട്ട ചരിത്രമാണ്‌ ബിന്ദുകൃഷ്‌ണയ്‌ക്ക്‌. എന്നാൽ, കൊല്ലം മണ്ഡലത്തിനു‌ പുറത്തുനിന്നുള്ള  ഇരുവരും തമ്മിലെ  പോരു‌മുറുകിയാൽ  നേട്ടം കെപിസിസി സെക്രട്ടറി സൂരജ്‌ രവിക്കാകും. എ ഗ്രൂപ്പിൽ സ്ഥാനം ഉറപ്പിച്ച സൂരജ്‌ രവിക്ക്‌ നിയമസഭാസ്ഥാനാർഥിത്വം വീണ്ടും ഉറപ്പാക്കാനുള്ള  വഴി സുഗമമാകും. അതിനാൽ ‌ ബിന്ദുകൃഷ്‌ണയുടെ സ്ഥാനാർഥിത്വത്തോട്‌ എ ഗ്രൂപ്പിലുള്ള പലരും യോജിക്കുന്നു.  സ്ഥാനാർഥിയായാൽ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ബിന്ദുകൃഷ്‌ണയെ മാറ്റാമെന്ന കണക്കുകൂട്ടലും പിന്നിലുണ്ട്‌.  
ജില്ലയിൽ ഐ ഗ്രൂപ്പിൽ മേൽക്കോയ്‌മ ആർക്കെന്ന്‌ സംസ്ഥാന–- കേന്ദ്രനേതൃത്വങ്ങളെ ബോധ്യപ്പെടുത്താനുള്ള മത്സരത്തിലാണ്‌  ശൂരനാടും ബിന്ദുകൃഷ്‌ണയും. ഐ ഗ്രൂപ്പിൽ ആരുടെ അക്കൗണ്ടിൽനിന്ന്‌ കൂടുതൽ പേരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാം എന്ന മത്സരവും ഇതിന്റെ ഭാഗമായുണ്ട്‌. ഇതിനിടെ ഡിസിസിക്കു മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ സ്വയംപ്രഖ്യാപിത സ്ഥാനാർഥികളുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top