04 December Friday
വൈദ്യുതി മോഷണം

പിഴ ഈടാക്കിയത്‌ 2.29 ലക്ഷം

സ്വന്തം ലേഖികUpdated: Friday Oct 30, 2020
കൊല്ലം
കോവിഡ്‌ കാലത്തും വൈദ്യുതി മോഷ്ടാക്കൾ വിഹരിച്ചു. ആറുമാസത്തിനിടെ സംസ്ഥാനത്ത്‌ വൈദ്യുതി മോഷ്ടാക്കളിൽനിന്ന്‌ ഈടാക്കിയത്‌ 2,29,35,435 രൂപ.  ഏപ്രിൽ മുതൽ സെപ്‌തംബർ വരെ പിടികൂടിയ 148 കേസിൽനിന്നുള്ള ‌പിഴയാണിത്‌.  കൂടുതൽ  മോഷണം മലപ്പുറം ജില്ലയിലാണ്‌. 35കേസിലായി 78,62,664 രൂപയാണ്‌ ഈടാക്കിയത്‌. തൊട്ടുപിന്നിൽ കാസർകോടാണ്–-‌‌ 69,27,314രൂപ. 18,69,964രൂപ ഈടാക്കിയ എറണാകുളമാണ്‌ മൂന്നാമത്‌. 14,61,603 രൂപ കോഴിക്കോട്ടുനിന്നും ‌ 11,39,747രൂപ ഇടുക്കിയിൽനിന്നും ഈടാക്കി. കുറവ്‌ കണ്ണൂരിലാണ്‌. മൂന്നുകേസിലായി 56,972 രൂപയാണ്‌ ഈടാക്കിയത്‌. ഒരു ‌ കേസ്‌‌ റിപ്പോർട്ട്‌ ചെയ്‌ത‌ പത്തനംതിട്ടയിൽനിന്ന്‌ ഈടാക്കിയത്‌ 1,00,291 രൂപയാണ്.  വൈദ്യുതി മോഷണം തടയാൻ വൈദ്യുതി ബോർഡിനു കീഴിൽ ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള  14 ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡാണ്‌ മോഷണം കണ്ടെത്തിയത്‌. 
ജൂണിലാണ്‌ കൂടുതൽ മോഷണം. ‌ 46 കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. കൊല്ലത്ത്‌ അഞ്ചു കേസിലായി 37,85,709രൂപയും തിരവനന്തപുരത്ത്‌ മൂന്നു‌ കേസിലായി 37,2075, ആലപ്പുഴ 3,24,682, കോട്ടയം 4,24,719, തൃശൂർ  9,23,056, പാലക്കാട് ‌6,18,844, വയനാട്‌ 4,74,925രൂപയും  ഈടാക്കി. മോഷ്ടാക്കളിൽ ഭൂരിഭാഗവും ഗാർഹിക ഉപയോക്താക്കളാണ്‌. 
 മീറ്ററിൽ വൈദ്യുതി എത്തും മുമ്പ് സർവീസ്‌ ലൈനിൽനിന്നു മോഷ്ടിക്കുന്നവരാണ്‌ ഏറെയും. മെക്കാനിക്കൽ മീറ്ററിന്റെ  കവർ ഇളക്കി  മോഷ്ടിക്കുന്നവരും വീടുനിർമാണ സമയത്തുതന്നെ വൈദ്യുതി മോഷ്ടിക്കാനുള്ള സംവിധാനം ഒരുക്കുന്നവരും കുറവല്ല.  
ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്ത നിലയിൽ ചുമരുകൾക്കുള്ളിലാണ് ഇത്തരത്തിൽ  വൈദ്യുതി ചോർത്താനുള്ള കുതന്ത്രം പ്രയോഗിക്കുന്നത്‌. കാർഷികാവശ്യത്തിനുള്ള സൗജന്യ കണക്‌ഷനിൽനിന്ന്‌ വീട്ടാവശ്യത്തിനായി വൈദ്യുതി മോഷ്ടിക്കുന്നവരുടെ എണ്ണവും  കൂടുതലാണെന്ന്‌ ‌സ്‌ക്വാഡ്‌ ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ കെ എസ്‌ ഡാൺ പറഞ്ഞു.  ‌മോഷണവിവരം ശ്രദ്ധയിൽപ്പെട്ടാൽ ബോർഡിനെ അറിയിക്കുന്നതിൽ വടക്കൻ ജില്ലക്കാരാണ്‌ മുന്നിൽ–- അദ്ദേഹം പറഞ്ഞു. ‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top