16 September Monday

കൊതിയൂറും വിഭവങ്ങളുമായി ചക്ക മഹോത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
ആയൂർ
തേൻവരിക്കയുടെ അറുപതിനം വിഭവങ്ങൾ കഴിക്കണോ. നേരെ ആയൂർ അമ്പാടി ഓഡിറ്റോറിയത്തിലേക്ക്‌ പോന്നോളൂ. ഒപ്പം നാടൻമാങ്ങയുടെ വൈവിധ്യവും ആസ്വദിക്കാം. ചക്ക കട്‌ലറ്റ്‌, ചക്ക ഹൽവ, ചക്കപ്പായസം തുടങ്ങി വായിൽ കപ്പലോടിക്കുന്ന വിഭവങ്ങളുമായി ചക്ക മഹോത്സവവും മാമ്പഴമേളയും തുടങ്ങി. 
ജൈവികമായി ഉൽപ്പാദിപ്പിക്കുന്ന നാടൻ മാമ്പഴങ്ങളും വിവിധ ഇനം അച്ചാറുകളുമായാണ്‌ മാമ്പഴമേള. നെല്ലിക്ക, തേൻ നെല്ലിക്ക, നെല്ലിക്ക ജ്യൂസ്, നെല്ലിക്ക മഞ്ഞൾ ജ്യൂസ് എന്നിവയും മുഖ്യ ആകർഷണമാണ്. മലബാർ മാവ് കർഷകസമിതിയും ഓൾ കേരള ജാക്ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനുമാണ്‌ മേളയുടെ സംഘാടകർ. കാർഷിക സർവകലാശാല ഉത്തരമേഖലാ ​ഗവേഷണ കേന്ദ്രം, ഖാദി ബോർഡ്‌ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന യൂണിറ്റുകളുടെയും കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങളുടെയും ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കും. 
രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ്‌ മേള. ആഗസ്‌ത്‌ 14ന്‌ അവസാനിക്കും. 
മേള മന്ത്രി കെ രാജു ഉദ്ഘാടനംചെയ്തു.  ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ രവീന്ദ്രനാഥ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജ്യോതി വിശ്വനാഥ്, വാർഡ് അം​ഗങ്ങളായ തങ്കമണി, സുജാ തോമസ്‌ എന്നിവർ സംസാരിച്ചു. എബി ഫ്രാൻസിസ് സ്വാ​ഗതവും നവാസ് പത്തടി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top