25 August Sunday
ഗൃഹനാഥന്റെ ആത്മഹത്യ

ജപ്തി നോട്ടീസിനെത്തുടർന്നല്ല: സഹകരണ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
 
കൊട്ടിയം
മുഖത്തലയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടർന്നല്ലെന്ന് സഹകരണ വകുപ്പും ബാങ്ക് അധികൃതരും. തൃക്കോവിൽവട്ടം മുഖത്തല പാങ്കോണം  ഗോപികാ ഭവനിൽ സുനിൽകുമാറിന്റെ (40) മരണം വിവാദമായതിനെ തുടർന്നാണ് ബാങ്ക് അധികൃതരും സഹകരണ വകുപ്പും വിശദീകരണവുമായി രംഗത്തെത്തിയത‌്. 
കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് സുനിൽകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരപ്പണിക്കാരനായിരുന്ന സുനിൽകുമാർ വീട് നിർമാണത്തിനായി തൃക്കോവിൽവട്ടം സർവീസ് സഹകരണ ബാങ്കിൽനിന്ന‌് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീട് മൂന്നുലക്ഷം രൂപയാക്കി പുതുക്കിവച്ചു. വായ്പാതിരിച്ചടവിനായി വിദേശത്ത് ജോലി തേടി പോയെങ്കിലും ഫലമുണ്ടായില്ല. 
പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ആഗസ‌്ത‌് മുതൽ സഹകരണമേഖലയിൽ മൊറട്ടോറിയം പ്രഖ്യാപിച്ചശേഷം ഒരു കേസിലും  ജില്ലയിൽ ജപ്തി നടപടി ഉണ്ടായിട്ടില്ലെന്ന‌് കൊല്ലം ജില്ലാ സഹകരണ ജോയിന്റ‌് രജിസ്ട്രാർ എ എസ് ഷീബാബീവി പറഞ്ഞു. 
കുടിശ്ശിക തീർപ്പാക്കുന്നതിനായി അടുത്തിടെ ബാങ്കിൽ നടന്ന അദാലത്തിൽ സുനിൽകുമാറും പങ്കെടുത്തിരുന്നു. പിഴപ്പലിശ ഒഴിവാക്കി ബാക്കി തുക 30 ദിവസത്തിനകം അടയ‌്ക്കണമെന്ന‌് അറിയിക്കുകയും ചെയ‌്തിരുന്നു. അദാലത്തിലും തീരാത്ത പ്രശ്നങ്ങൾ മാറ്റിവയ‌്ക്കുകയാണ് പതിവെന്നും ഭാവിയിൽ വൻ തുക ആകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും തൃക്കോവിൽവട്ടം  സഹകരണബാങ്ക‌് സെക്രട്ടറി പി എ ബീനാറാണി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top