കൊട്ടിയം
വായ്പാപരിധി വെട്ടിക്കുറച്ചതിലൂടെ കടുത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. സിഐടിയു ജില്ലാകമ്മിറ്റി ഭൂരഹിത ഭവനരഹിതരായ 10 തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാനായി രൂപം നൽകിയ തൊഴിലാളിക്കൊരു ഭവനം പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിലവിൽ വന്നശേഷം സംസ്ഥാന സർക്കാരിന്റെ നികുതിവരുമാനത്തിൽ വലിയ കുറവുണ്ടായി. അർഹതപ്പെട്ട വിഹിതം കേരളത്തിനു കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും വീടില്ലാത്ത കുടുംബങ്ങളെ സഹായിക്കുക എന്നത് മഹത്തായ കാര്യമാണെന്നും എളമരം കരീം പറഞ്ഞു.
വീട് വയ്ക്കുന്നതിനായി നാലുലക്ഷം രൂപയുടെ ചെക്ക് തൃക്കോവിൽവട്ടം പ്രമീള ഭവനിൽ ശശികലയ്‌ക്ക് കൈമാറി. സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് അധ്യക്ഷനായി. സെക്രട്ടറി എസ് ജയമോഹൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്സ് ഏണസ്റ്റ്, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ സുഭഗൻ, സിപിഐ എം ഏരിയ സെക്രട്ടറി എൻ സന്തോഷ്, സിഐടിയു ഏരിയ സെക്രട്ടറി കെ ഉണ്ണിക്കൃഷ്‌ണൻ, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാഹിമോൾ എന്നിവർ സംസാരിച്ചു.
കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ ജോലിചെയ്യുന്ന ശശികലയ്‌ക്കാണ് നാലുസെന്റ് സ്ഥലം വാങ്ങി വീടുവച്ച് നൽകുന്നത്. ഭർത്താവ് ധനപാലനും ഇതേ ഫാക്ടറിയിലെ തൊഴിലാളിയാണ്. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ആണ് തുക സമാഹരിച്ചു നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..