30 September Saturday

കോർപറേറ്റുകൾക്ക് സമ്പത്ത് കൈമാറാൻ വർഗീയത മറയാക്കുന്നു: എളമരം

സ്വന്തം ലേഖകൻUpdated: Tuesday May 30, 2023

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച എൽഡിഎഫ് പൊതുസമ്മേളനം 
സിഐടിയു സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി
വർഗീയ താൽപ്പര്യമുള്ള വിഷയങ്ങൾ ഉയർത്തിയും വംശീയതയും കലാപങ്ങളും മറയാക്കിയും കേന്ദ്രസർക്കാർ രാജ്യത്തിന്റെ സമ്പത്ത്‌ കോർപറേറ്റുകൾക്ക് കൈമാറുകയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി  സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
വിവിധ വിഷയങ്ങൾ ഉയർത്തി ജനങ്ങളെ ആശങ്കയിലാഴ്‌ത്തുകയും ഇതിന്റെ  മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളും കടൽത്തീരവും വനസമ്പത്തുമെല്ലാം കോർപറേറ്റുകൾക്ക് കൈമാറുകയാണ് കേന്ദ്രസർക്കാർ. മണിപ്പുരിൽ ക്രിസ്തുമത വിശ്വാസികളെ  വെടിവെച്ചുകൊന്ന സംഭവം റബറിന് വില കിട്ടിയാൽ ബിജെപിക്കൊപ്പം നിൽക്കാം എന്ന് പറയുന്ന കേരളത്തിലെ പുരോഹിതന്മാർ കാണുന്നില്ല. പാഠപുസ്തകങ്ങളിൽനിന്ന്‌ യഥാർഥ ചരിത്രം വെട്ടിമാറ്റുമ്പോൾ ഒഴിവാക്കിയ അതേ പാഠഭാഗങ്ങൾ പഠിപ്പിക്കും എന്ന് പറയാൻ തന്റേടമുള്ള ഒരു സർക്കാർ ഇന്ത്യയിൽ കേരളത്തിൽ മാത്രമാണുള്ളത്‌. 
യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ എല്ലാ പദ്ധതികൾക്കും കമീഷൻ കൈപ്പറ്റിയ അനുഭവമുള്ളതുകൊണ്ടാണ് ഏത് വികസന പദ്ധതിക്കു പിന്നിലും അഴിമതി എന്ന വ്യാജ പ്രചാരണം അഴിച്ചുവിടാൻ യുഡിഎഫ് തയ്യാറാകുന്നത്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റുന്ന കാഴ്ചയാണ്‌ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കണ്ടതെന്നും എളമരം പറഞ്ഞു. 
സിപിഐ എം മണ്ഡലം സെക്രട്ടറി പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ ആർ സോമൻപിള്ള സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top