13 July Monday
ഉത്ര വധം: വാവാ സുരേഷിൽനിന്ന്‌ മൊഴിയെടുത്തു

‘ബലം പ്രയോഗി‌ച്ചോ അടിച്ചോ കടിപ്പിച്ചതാകാം’

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
 സ്വന്തം ലേഖകന്‍
കൊല്ലം
ഉത്രയെ കൊലപ്പെടുത്താൻ പാമ്പിനെ തുറന്നുവിടുംമുമ്പ് ഭർത്താവ്‌ സൂരജ്‌ അതിനെ ക്ഷതമേൽപ്പിച്ചിരിക്കാമെന്ന്‌ പാമ്പ്‌ വിദഗ്‌ധൻ വാവാ സുരേഷ് അന്വേഷകസംഘത്തിനു മൊഴി നൽകി. ബലം പ്രയോഗി‌ച്ചോ അടിച്ചോ കടിപ്പിക്കാം. വീട്ടിൽ കയറി അണലി കടിക്കുന്നത്‌ അപൂർവമാണ്‌. അതുകൊണ്ടു തന്നെ രണ്ടുതവണയും വളരെ ആസൂത്രിതമായി നടത്തിയ കൃത്യമാണിതെന്ന് വാവാ സുരേഷ്‌ 
പറഞ്ഞു. 
മുഖ്യപ്രതി സൂരജിനാപ്പം ജോലി ചെയ്‌തിരുന്നവർ ഉൾപ്പെടെ മൂന്നു സുഹൃത്തുക്കൾ, വാവാ സുരേഷ്‌ എന്നിവരുടെ  മൊഴിയെടുത്തു. ഇതോടെ മൊഴി ശേഖരിച്ചവരുടെ എണ്ണം ഏഴായി. അന്വേഷകസംഘം ആവശ്യപ്പെട്ടാൽ കോടതിയിൽ മൊഴി നല്‍കുന്നതിനു സന്നദ്ധമാണെന്ന്‌ വാവാ സുരേഷും സൂരജിന്റെ സുഹൃത്തുക്കളും അന്വേഷകസംഘത്തെ അറിയിച്ചു.
അന്വേഷകസംഘം സൂരജ്‌‌ ഡോളോ ടാബ്‌ലറ്റ്‌ വാങ്ങിയ അടൂരിലെ മെഡിക്കൽ സ്റ്റോറിലും‌ ജോലി ചെയ്‌തിരുന്ന ബാങ്കിലും ‌എത്തി വിവരം ശേഖരിച്ചു. സൂരജിന്റെ അച്ഛനമ്മമാര്‍, സഹോദരി, സഹോദരിയുടെ സുഹൃത്ത്‌ എന്നിവരെ ശനിയാഴ്‌ച ചോദ്യം ചെയ്യും. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി പ്രതികളായ സൂരജിനെയും പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സുരേഷിനെയും ശനിയാഴ്‌ച പുനലൂർ  കോടതിയിൽ ഹാജരാക്കും. 
സമാനതകളില്ലാത്ത തെളിവെടുപ്പാണ്‌ ‌കേസിൽ അന്വേഷകസംഘം നടത്തുന്നത്‌. ഉത്രയെ കൊലപ്പെടുത്തിയത്‌ മൂർഖൻ പാമ്പാണെന്ന്‌ വ്യക്തമാണെങ്കിലും സംസ്ഥാനത്തുള്ള എല്ലാ ഇനം പാമ്പിനെക്കുറിച്ചുമുള്ള വിവരങ്ങൾ തേടുകയാണ്‌ അന്വേഷകസംഘം. ഇതിനായി പ്രത്യേകം ടീമിനെ നിയോഗിച്ചു. 
ഓരോ ഇനത്തിലുമുള്ള പാമ്പിന്റെ ജീവിതരീതിയും കടിക്കാനുള്ള സാധ്യതകളും വിഷത്തിന്റെ വീര്യവും മരണത്തിനു കാരണമാകുമോയെന്ന വിശദ റിപ്പോർട്ട്‌ തയ്യാറാക്കിയായിരിക്കും കുറ്റപത്രം സമർപ്പിക്കുക. ഭാവിയിലും ഇത്തരം കേസ് ഉണ്ടായാൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാകും റിപ്പോർട്ട്‌.  കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിലാണ്‌ 
അന്വേഷണം
സൂരജിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ നിർദേശം 
കൊല്ലം
ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയ്‌ക്കും അച്ഛനും സഹോദരിക്കുമെതിരെ കേസെടുക്കണമെന്ന്‌ വനിതാ കമീഷൻ പത്തനംതിട്ട എസ്‌പി‌ക്ക്‌ നിർദേശം നൽകി. ഗാർഹികപീഡനത്തിന്‌‌ കേസ്‌ രജിസ്റ്റർ ചെയ്യാനാണ്‌  ആവശ്യപ്പെട്ടത്‌. ‌ഏഴു ദിവസത്തിനകം പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ 
കൈമാറണം. 
ഉത്രയുടെ വീട്‌ കഴിഞ്ഞ ദിവസം വനിതാകമീഷൻ സന്ദർശിച്ചിരുന്നു. ഉത്രയുടെ കുടുംബാംഗങ്ങളിൽനിന്നും പൊലീസിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. നേരത്തെ വനിതാകമീഷൻ ഇവർക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇ‌പ്പോൾ ഗാർഹിക പീഡനനിയമം അനുസരിച്ചു‌കൂടി കേ‌സെടുക്കണമെന്നാണ്‌  നിർദേശമെന്ന്‌  വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top