കൊല്ലം
എല്ലാ പരീക്ഷയും "എളുപ്പം' എഴുതിത്തീർത്ത് വേനലവധിയുടെ ആഘോഷങ്ങളിലേക്ക് കുട്ടികൾ. ഈ വർഷത്തെ എസ്എസ്എൽസി അവസാന പരീക്ഷയും എഴുതി യൂണിഫോമുകളിൽ മഷിയെറിഞ്ഞും കൈയൊപ്പ് ചാർത്തിയും മുഖത്ത് ചായം പുരട്ടിയും കണ്ണീർ നനവോടെ കെട്ടിപ്പിടിച്ചും നിറവാർന്ന ഓർമയുമായി അവർ സ്കൂൾ മുറ്റം വിട്ടു. അവധിയുടെ അകലങ്ങൾക്കിടെ ഒറ്റ ക്ലിക്ക് ദൂരമെങ്കിലും ഒരുമിച്ചിരുന്ന ബെഞ്ചുകൾ ഇനി പുതിയ സൗഹൃദങ്ങൾക്ക് ഇരിപ്പിടമൊരുക്കും.
ഒമ്പതിനാണ് എസ്എസ്എൽസി പരീക്ഷ തുടങ്ങിയത്. ഒന്നാംഭാഷ ഭാഗം രണ്ടാണ് അവസാന പരീക്ഷയായി ബുധനാഴ്ച നടന്നത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഒന്നു മുതൽ ഒമ്പതുവരെയുള്ള പരീക്ഷകൾ എന്നിവ വ്യാഴാഴ്ച പൂർത്തിയാകും. വെള്ളിയാഴ്ച സ്കൂൾ വേനലവധിക്കായി അടയ്ക്കും.
ജൂൺ ഒന്നിന് സ്കൂൾ തുറക്കും. കൊല്ലം, കൊട്ടാരക്കര, പുനലൂർ വിദ്യാഭ്യാസ ജില്ലകളിലായി 229 പരീക്ഷാ കേന്ദ്രത്തിലായി ജില്ലയിൽ 30,372 വിദ്യാർഥികളാണ് എസ്എസ്എൽസി എഴുതിയത്. 15,536പേർ ആൺകുട്ടികളും 14,836 പേർ പെൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് കൊല്ലം പട്ടത്താനം വിമല ഹൃദയ ഗേൾസ് ഹൈസ്‌കൂളിലാണ്. 716പേർ. കുറവ് കുമ്പളം സെന്റ് മൈക്കിൾ എച്ച്‌എസ്‌എസിലാണ്. മൂന്ന് കുട്ടികൾ. എസ്‌സി വിഭാഗത്തിൽ 4358 കുട്ടികളും എസ്‌ടി വിഭാഗത്തിൽ 98 കുട്ടികളും സവിശേഷ സഹായം ആവശ്യമുള്ള 609 കുട്ടികളും പരീക്ഷ എഴുതി. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ 26വരെ നടക്കും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..