കൊല്ലം
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ രൂപീകരിച്ച ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പുനലൂർ മുനിസിപ്പൽ പരിധിയിൽ നടത്തിയ വ്യാപക പരിശോധനയിൽ 500 കിലോയിലേറെ നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി. പുനലൂർ ടൗണിൽ വി പി ട്രേഡേഴ്സ് മൊത്തവ്യാപാര സ്ഥാപനത്തിൽനിന്നും ഗോഡൗണിൽനിന്നും 334.400 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗ്, 7.100 കിലോഗ്രാം പേപ്പർ ലീഫ്, 27.5 കിലോഗ്രാം പ്ലാസ്റ്റിക് പേപ്പർ കട്ട് ഷീറ്റ് , നോൺ വുവൺ പോളി പ്രൊപ്പിലിൻ ക്യാരി ബാഗ് 155.550 കിലോഗ്രാം, . പേപ്പർ കപ്പ് 61,200 എണ്ണം എന്നിവ പിടികൂടി. കെഎസ്ആർടിസി ബസ് സ്റ്റേഷന് എതിർവശം ബിഎസ്കെ ഫ്രൂട്ട്സിൽനിന്ന് 2.400 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗ് പിടിച്ചെടുത്തു.
മറ്റൊരു ഫ്രൂട്ട്സ് കടയിൽ നിന്ന് 400 ഗ്രാം പോളി പ്രൊപ്പിലീൻ ക്യാരി ബാഗ് പിടിച്ചെടുത്തു. 29–--ാം വാർഡിൽ എസ്എൻഡിപി ബിൽഡിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഗ്രാനൈറ്റ്സ് ഓഫീസിലെ ഉപയോഗശൂന്യമായ പേപ്പറുകളും പ്ലാസ്റ്റിക് വസ്തുക്കളും പിറകുവശമിട്ട് കത്തിക്കുന്നതും കണ്ടെത്തി. നിയമലംഘനങ്ങൾ നടപടിയെടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ഡി രാമാനുജന്റെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്.
കൊല്ലം എഡിപി ഓഫീസ് ജൂനിയർ സൂപ്രണ്ട് സി ആർ ജയചന്ദ്രൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ–-ഓ-ർഡിനേറ്റർ ജെ രതീഷ്കുമാർ, പുനലൂർ മുനിസിപ്പൽ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് സജീവ്കുമാർ, പി വി അനുപമ എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.
ശക്തമായ നടപടി ലക്ഷ്യം
ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ചട്ട ലംഘനങ്ങൾ കണ്ടെത്തലിന് ശക്തമായ നടപടി ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ നിർദേശപ്രകാരം ജില്ലകളിൽ സ്ക്വാഡുകൾ രൂപീകരിച്ചത്. പരിശോധന നടത്തൽ, അനധികൃതമായി നിക്ഷേപിച്ച മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ സംഭരണം, വിൽപ്പന എന്നിവ തടയൽ, അവ കണ്ടുകെട്ടുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നടപടികൾ, ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലൈസൻസും മറ്റ് അനുമതികളും റദ്ദാക്കുന്നതിനുള്ള നടപടികൾ, പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും പിന്നാമ്പുറങ്ങളിലുമുള്ള അനധികൃത മാലിന്യനിക്ഷേപങ്ങൾ, വലിച്ചെറിയൽ കണ്ടെത്തി തടയൽ തുടങ്ങിയവയാണ് ചുമതല. ജില്ലാതലത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ് സ്പെഷൽ സ്ക്വാഡിന്റെ ചെയർമാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..