കൊല്ലം
തമിഴ്നാട്ടിൽനിന്നും കെഎസ്‌ആർടിസി ബസിൽ കടത്തുകയായിരുന്ന 32ഗ്രാം എംഡിഎംഎയും 17ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് പടിക്കൽ പിലാലകണ്ടി വീട്ടിൽ ഷംനാദ് (34), കാസർകോട് മഞ്ചേശ്വരം മംഗൽപടി പേത്തൂർ പുളിക്കുന്നി വീട്ടിൽ മുഹമ്മദ് ഇമ്രാൻ (29) എന്നിവരാണ് പിടിയിലായത്. എക്സൈസ് തെന്മലയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. രാസലഹരി തൂക്കുന്നതിനുള്ള ഡിജിറ്റൽ ഇലക്‌ട്രോണിക് ത്രാസും പ്രതികളിൽനിന്ന് കണ്ടെടുത്തു.
ബംഗളൂരുവിൽനിന്നും ഒരുലക്ഷം രൂപയ്ക്ക് വാങ്ങിയ എംഡിഎംഎ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവരുന്ന വഴിയാണ് പിടിയിലായത്. എൻഡിപിഎസ് നിയമപ്രകാരം 10വർഷം തടവ് മുതൽ വധശിക്ഷവരെ ലഭിക്കാവുന്ന തരത്തിലുള്ള കുറ്റമാണിത്. ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വിൽക്കുന്നതെന്ന് പ്രതികൾ മൊഴിനൽകി. ഉപഭോക്താക്കൾ എല്ലാം കൗമാരപ്രായക്കാരാണെന്ന് പ്രാഥമിക ചോദ്യംചെയ്യലിൽ വ്യക്തമായി. തുടർനടപടികൾക്കായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി.
രാസലഹരി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകിയവർക്കെതിരെ അന്വേഷണം തുടങ്ങിയതായി സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ അറിയിച്ചു. വാഹനപരിശോധന ശക്തമാക്കിയതോടെ പ്രതികൾ ലഹരികടത്തിന് പൊതുഗതാഗത മാർഗം ഉപയോഗിക്കുകയായിരുന്നുവെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ജില്ലാ ഡെപ്യൂട്ടി കമീഷണർ ബി സുരേഷ് പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് സംശയിക്കുന്നതായി ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ വി റോബർട്ട് പറഞ്ഞു. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ, പ്രിവന്റീവ് ഓഫീസർമാരായ എ അൻസാർ, കെ പി ശ്രീകുമാർ, ബി പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..