25 May Monday

കഠിനമാകും നിയന്ത്രണവും നടപടിയും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

അത്യാവശ്യമാണോ സുഹൃത്തേ... ചിന്നക്കടയിൽ വാഹന പരിശോധനയ്‌ക്കിടെ യാത്രക്കാരോട്‌ വിശദാംശം ചോദിക്കുന്ന പൊലീസ്‌

 കൊല്ലം

കോവിഡ്‌ പ്രതിരോധത്തിനായി കർക്കശ നടപടി ഈ ആഴ്ചയും തുടരുമെന്ന്‌ പൊലീസ്‌. നിലവിൽ അനാവശ്യമായി പുറത്തിറങ്ങിയ പലരേയും തടഞ്ഞും ഉപദേശിച്ചും തിരിച്ചയക്കുകയായിരുന്നു. ഒറ്റപ്പെട്ട നിലയിലാണ്‌ കേസ്‌ രജിസ്റ്റർ ചെയ്തത്‌. എന്നാൽ, ഇനി ഉപദേശിക്കില്ല. കുറ്റകൃത്യമായി കണ്ട്‌ നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു. 
 പ്രധാനപ്പെട്ട കവലകളിലും പൊതുസ്ഥലങ്ങളിലും പിക്കറ്റിങ് ശക്തമാണ്‌. ഡ്രോൺ നിരീക്ഷണവും വ്യാപകമാക്കി. സിറ്റി പരിധിയിൽ നിരോധനം ലംഘിച്ചതിന്‌ ഞായറാഴ്‌ച 80 കേസ്‌ രജിസ്റ്റർ ചെയ്തു. 77 പേർ അറസ്റ്റിലായി. ഞായറാഴ്ച 60 വാഹനങ്ങളും പിടിച്ചെടുത്തു.
വിദേശത്തുനിന്ന് മകൻ എത്തിയതിനെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പഴയാറ്റിൻകുഴി സ്വദേശി ഇമാമുദീൻ മോട്ടോർ സൈക്കിളിൽ കറങ്ങി നടന്നതിനെത്തുടർന്ന് ഇരവിപുരം പൊലീസ്‌ കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കി.
പൊതുസ്ഥലത്ത് ചീട്ടുകളിച്ച നല്ലില സ്വദേശികളായ നാലുപേർക്കെതിരെ കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. ലേബർ ക്യാമ്പിൽ കഴിയുന്ന അതിഥിത്തൊഴിലാളികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ നിയന്ത്രണങ്ങളെക്കുറിച്ച്‌ ബോധവൽക്കരണം നടത്തി. സർക്കാർ നൽകുന്ന നിർദേശം കർശനമായി പാലിക്കണമെന്നും ലംഘിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ തുടരുമെന്നും സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top