30 May Saturday

യാത്രയയപ്പിന്റെ ആരവമില്ല, തനിയെ ഈ പടിയിറക്കം

ജയന്‍ ഇടയ്ക്കാട്Updated: Monday Mar 30, 2020
കൊല്ലം
ഓർമകളുടെ പങ്കുവയ്‌ക്കലില്ല, സഹപ്രവർത്തകർക്കൊപ്പം ഗ്രൂപ്പ്‌ ഫോട്ടോ ഇല്ല, മുഖാമുഖമുള്ള ആശംസാവാക്കുകളില്ല, പൂച്ചെണ്ടും  ഉപഹാരവും നൽകി ഒപ്പമുള്ളവർ വീട്ടിൽ കൊണ്ടാക്കുന്ന പതിവുമില്ല. ഓർമകളുടെയും സങ്കടങ്ങളുടെയും വേലിയേറ്റം മനസ്സിലൊതുക്കി ഔദ്യോഗിക ജീവിതത്തോട്‌ നാളെയിവർ വിട പറയുകയാണ്‌. 570  അധ്യാപകരാണ്‌ ചൊവ്വാഴ്‌ച സർവീസിൽനിന്ന്‌ വിരമിക്കുന്നത്‌, പതിവ്‌ ചടങ്ങളുകളൊന്നുമില്ലാതെ. 
സർവീസിലെ അവസാനദിവസം ഹാജർബുക്കിൽ  ഒപ്പിടണമെന്ന നിയമം പാലി‌‌ക്കേണ്ടതുണ്ട്‌. യാത്രചെയ്യാൻ പറ്റുന്നവർ ഇതിനായി ചൊവ്വാഴ്‌ച സ്‌കൂളിലെത്തും. ഒപ്പിട്ട ശേഷം ഒത്തിരി ഓർമകളുടെ ഹിമാലയം മനസ്സിലേറ്റി  ഇവർ തനിച്ചു  മടങ്ങും. പഠിച്ച സ്‌കൂളിൽനിന്ന്‌ തന്നെ അധ്യാപകനായി  വിരമിക്കുന്നവരും നിരവധിയുണ്ട്‌. വിദ്യാർഥികളും പൂർവ വിദ്യാർഥികളും രക്ഷിതാക്കളും സഹപ്രവർത്തകരും ഉൾപ്പെടെ എല്ലാവരോടും നേരിട്ട്‌ യാത്ര പറഞ്ഞിറങ്ങാനായിരുന്നു ഇവരുടെയെല്ലാം മോഹം. വിരമിക്കും മുമ്പ്‌ ഇതിന്‌ അവസരം ലഭിക്കി‌ല്ലെന്ന യാഥാർതഥ്യത്തിനു മുന്നിൽ നിരാശയില്ല. മഹാമാരിയിൽനിന്നുള്ള മോചനമാണ്‌ എല്ലാവരുടെയും മുന്നിൽ.  
‘സമൂഹത്തിന്റെ കരുതലാണ്‌ മനസ്സിലാകെ.  ആരോഗ്യത്തോടെ നാടിന്‌ അതിജീവിക്കാനാകട്ടെ’–-  വിരമിക്കുന്ന കൊല്ലം ഗവ. മോഡൽ എച്ച്‌എസ്‌എസ്‌ ഹെഡ്‌മാസ്‌റ്റർ എച്ച്‌ നൗഷാദ്‌ പറഞ്ഞു.  
സ്‌കൂളുകളുടെ വാതിൽ അടഞ്ഞിട്ട്‌ നാളുകളായി. ക്യാമ്പുകളായി മാറിയ സ്‌കൂളുകളിലെ പ്രധാനാധ്യാപകർ ദിവസവും എത്തും. വിരമിക്കുന്ന ദിവസവും ഇവർ സേവനസജ്ജരാണ്‌. പ്രധാനാധ്യാപകരായി വിരമിക്കുന്നവർക്ക്‌  ചുമതല കൈമാറാനുള്ള നടപടി ഉൾപ്പെടെ ബാക്കിയാണ്‌.  എൽപി, യുപി ക്ലാസുകളുടെ പരീക്ഷ ഇ‌ക്കൊല്ലം വേണ്ടെന്ന്‌ വച്ചു.  എട്ട്‌ , ഒമ്പത്‌ ക്ലാസുകളിലെ പരീക്ഷയും ഇനി നടക്കാൻ സാധ്യതയില്ല.  25നാണ്‌ എസ്‌എസ്‌എൽസി പരീക്ഷയും  അവസാനിക്കേണ്ടിയിരുന്നത്‌.
പ്രധാന വാർത്തകൾ
 Top