30 May Saturday

ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം മാര്‍ഗരേഖ കര്‍ശനമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കൊല്ലം
ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബയോമെഡിക്കൽ മാലിന്യ നിർമാർജനത്തിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ നിർദേശം കർശനമാക്കി.  ക്വാറന്റൈൻ സെന്ററുകൾ, ഐസൊലേഷൻ വാർഡുകൾ, സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യങ്ങളും ഇതര ഖരമാലിന്യങ്ങളും ശേഖരിക്കാൻ  പ്രത്യേക ശുചീകരണ ജീവനക്കാരെ ചുമതലപ്പെടുത്തും.  
വാർഡുകളിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കളർകോഡുള്ള ബിന്നുകൾ/ബാഗുകൾ/കണ്ടെയ്‌നറുകളിലാണ്‌ മാലിന്യങ്ങളിടുക.  കോവിഡ് ബയോമെഡിക്കൽ മാലിന്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ  പ്രത്യേകം ലേബൽ പതിക്കും. രണ്ട് ലെയറുകളുള്ള ബാഗാണ് ഉപയോഗിക്കുക. ഐസൊലേഷൻ വാർഡുകളിൽ പ്രത്യേക ട്രോളികളും ബിന്നുകളും സജ്ജീകരിക്കും.കോവിഡ് മാലിന്യങ്ങൾ സൂക്ഷിച്ച കണ്ടെയ്നറുകൾ, ബിന്നുകൾ, ട്രോളികൾ എന്നിവയുടെ അകവും പുറവും ദിവസേന  അണുനശീകരണം നടത്തും. കോവിഡ് പരിശോധനയ്ക്കായുള്ള സാമ്പിൾ കലക്‌ഷൻ കേന്ദ്രങ്ങളും ലബോറട്ടറികളും ഇത്തരത്തിൽ ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് റൂൾസ് 2016 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുക.
ക്വാറന്റൈൻ സംവിധാനങ്ങളിൽനിന്ന് മാലിന്യങ്ങൾ കുറവാണെങ്കിലും ഗാർഹിക മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നിർദേശം അനുസരിച്ച് ശാസ്ത്രീയമായി നിർമാർജനംചെയ്യും.  തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന മഞ്ഞ നിറത്തിലുള്ള ബാഗുകളിൽ ശേഖരിച്ച്  ചുമതലപ്പെടുത്തിയ സ്ഥാപനത്തിനോ പൊതു ബയോമെഡിക്കൽ വേസ്റ്റ് സംസ്‌കരണ സംവിധാനത്തിനോ കൈമാറും. ഓരോ ട്രിപ്പിനുശേഷവും ബിന്നുകളും ട്രോളികളും അണുവിമുക്തമാക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ സൂക്ഷിക്കുന്ന ബിന്നുകളും ഹൈപ്പോക്ലോറൈറ്റ് സ്പ്രേ ചെയ്യുന്നു എന്നും മറ്റു മാലിന്യങ്ങൾ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് പ്രകാരം നിർമാർജനം ചെയ്യുന്നുവെന്നും ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.
പ്രധാന വാർത്തകൾ
 Top