23 January Sunday
ദേശീയപാത 66 വികസനം

കെട്ടിടങ്ങൾ ഇന്ന്‌ 
പൊളിച്ചുതുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
സ്വന്തം ലേഖകൻ
കൊല്ലം
ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക്‌ തിങ്കളാഴ്‌ച ഓച്ചിറയിൽ തുടക്കം. ഇതിനുശേഷം നിർമാണപ്രവർത്തനങ്ങളിലേക്ക്‌ കടക്കും. വിശ്വാസമുദ്ര എൻജിനിയറിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ കരാർ കമ്പനി. കായംകുളം കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ്‌ വരെയുള്ള റീച്ചിന്റെ നിർമാണക്കരാർ 1540 കോടി രൂപയുടേതാണ്‌. കമ്പനിയുടെ ഓഫീസ്‌ കരുനാഗപ്പള്ളി ടൗണിന് വടക്ക്‌ മദേഴ്‌സ്‌ കിച്ചണിന് സമീപത്തായി പ്രവർത്തനം തുടങ്ങി. 
കൊല്ലം ബൈപാസ്‌ മുതൽ കടമ്പാട്ടുകോണം വരെ 1284.7 കോടിയുടെ നിർമാണക്കരാർ ഡൽഹി ശിവാലയ കൺസ്‌ട്രക്‌ഷൻ കമ്പനിക്കാണ്‌. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 31.8 കിലോമീറ്ററിൽ ദേശീയപാത വികസനത്തിന്‌ ഏറ്റെടുക്കുന്നത്‌ 57 ഹെക്‌ടറാണ്‌. ഭൂമി ഏറ്റെടുക്കലിനും നഷ്‌ടപരിഹാരം വിതരണത്തിനും വേഗമുള്ളതിനാലാണ്‌ നിർമാണപ്രവൃത്തിക്ക്‌ കരുനാഗപ്പള്ളി സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റിൽ ഉൾപ്പെടുന്ന ഓച്ചിറയിൽ തുടക്കംകുറിക്കാൻ കഴിയുന്നതെന്ന്‌ ദേശീയപാത ലെയ്‌സൺ ഓഫീസർ എം കെ റഹ്മാൻ പറഞ്ഞു. കെട്ടിടങ്ങളും മറ്റും ഇടിച്ചുനിരത്തി റോഡ്‌ നിർമാണത്തിനു യോഗ്യമാക്കിയ ശേഷം ഡിസൈൻ പാരാമീറ്റർ അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും പൈലിങ്ങും ആരംഭിക്കും. 
ചാത്തന്നൂരിലും 
നഷ്‌ടപരിഹാര 
വിതരണം 
ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്‌ടപരിഹാര വിതരണം ചാത്തന്നൂർ സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റിലും തുടങ്ങി. ഇതിനകം 24 പേർക്കായി 46 കോടി രൂപ വിതരണംചെയ്‌തു. 800 ഭൂവുടമകൾക്കാണ്‌ ഇവിടെ നഷ്‌ടപരിഹാരം ലഭിക്കേണ്ടത്‌. വടക്കേവിള യൂണിറ്റിൽ 15 പേർക്കായി 18 കോടി രൂപ വിതരണംചെയ്‌തു. ഇവിടെ ഭൂമി വിട്ടുനൽകുന്നത്‌ 1100 പേരാണ്‌. 
കാവനാട്‌ യൂണിറ്റിൽ 85 ഭൂവുടമകൾക്കായി 75 കോടി രൂപ ഇതിനകം കൈമാറി. ആകെ 1100 പേർക്കാണ്‌ ഇവിടെ നഷ്‌ടപരിഹാരം ലഭിക്കുന്നത്‌. കരുനാഗപ്പള്ളി യൂണിറ്റിൽ 120 പേർക്കായി 100 കോടി രൂപ ഇതിനകം കൈമാറി. 1500 പേർക്കാണ്‌ ഇവിടെ നഷ്‌ടപരിഹാരം ലഭിക്കുക. ജില്ലയിൽ ആകെ 4500 പേരാണ്‌ ഭൂമി വിട്ടുകൊടുക്കുന്നത്‌. ഇതിനകം 224 പേർക്കായി 259 കോടി രൂപ കൈമാറി. 
രേഖകൾ ഹാജരാക്കി തുക കൈപ്പറ്റണം
ഭൂവുടമകൾ പ്രമാണവും അനുബന്ധ രേഖകളും ഹാജരാക്കുന്നതിൽ വരുത്തുന്ന കാലതാമസം ഒഴിവാക്കണമെന്ന്‌ ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്‌ടർ ബി രാധാകൃഷ്‌ണൻ പറഞ്ഞു. മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ചില ഫയലുകൾ മാറ്റിവച്ചിരിക്കുകയാണ്‌. രേഖകൾ ഹാജരാക്കി തുക കൈപ്പറ്റാൻ ഉടമകൾ തയ്യാറാകണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top