കൊല്ലം
കൊച്ചി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും ആഴമേറിയ കൊല്ലം തുറമുഖത്തിന് എന്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ ക്ലിയറൻസ് സൗകര്യം അനുവദിക്കുന്നില്ല..?–- ഈ ചോദ്യം ഉയർന്നിട്ട് നാളേറെയായി. എമിഗ്രേഷൻ കൗണ്ടർ ആരംഭിക്കാൻ തുറമുഖത്ത് മെക്കാനിക്കൽ എൻജിനിയറിങ് വർക്ഷോപ്പിനു മുകളിൽ സൗകര്യം ഒരുക്കി കാത്തിരിപ്പാണ്. ഇവിടെ താൽക്കാലികമായാണ് കൗണ്ടർ തുറക്കുക. സ്ഥിരമായി കൗണ്ടർ പ്രവർത്തിപ്പിക്കാൻ ഗേറ്റിനോട് ചേർന്ന് കെട്ടിടം നിർമിക്കുന്നുണ്ട്. പോർട്ടിൽ ഏറെ പ്രതീക്ഷയോടെ പാസഞ്ചർ ടെർമിനൽ നിർമിച്ചുകഴിഞ്ഞു. 20 കോടി രൂപ ചെലവിൽ 100 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലും നിർമിച്ച അതിവിപുലമായ വാർഫാണ് ഇവിടെയുള്ളത്. എന്നിട്ടും യാത്രാ ചരക്ക് കപ്പലുകൾ യഥേഷ്ടം വന്നുപോകാത്തത് എമിഗ്രേഷൻ സൗകര്യമില്ലെന്ന ഒറ്റക്കാരണം കൊണ്ടാണ്.
വിക്രം സാരാഭായി സെന്ററിന് 12 പാഴ്സലുമായി ഈമാസം ആദ്യംവന്ന ചരക്കുകപ്പലാണ് ഏറ്റവും ഒടുവിൽ കൊല്ലത്തെത്തിയത്. സംസ്ഥാന തുറമുഖ വകുപ്പും ഫിഷറീസ് വകുപ്പും എമിഗ്രേഷൻ ക്ലിയറൻസ് സംവിധാനത്തിനായി നിരന്തരം ഇടപെട്ടിട്ടും കേന്ദ്രത്തിന് ഇളക്കമില്ല.
■ ഉത്തരവുണ്ട്, ഉപകരണങ്ങൾ എത്തിയില്ല
കൊല്ലം പോർട്ടിൽ അനുവദിക്കേണ്ട എമിഗ്രേഷൻ ക്ലിയറൻസ് കൗണ്ടറിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓർഡർ കൊടുത്തെന്ന സൂചന നേരത്തെ പരന്നിരുന്നു. ഡൽഹിയിലെ ഐടി സെല്ലിനാണ് ഓർഡർ നൽകിയത്. കാര്യങ്ങൾ തിരക്കി സെല്ലിൽനിന്നും കൊല്ലം പോർട്ട് ഓഫീസിലേക്ക് ഫോൺ വിളിയും വന്നിരുന്നു. എന്നാൽ, പിന്നീടൊന്നും സംഭവിച്ചില്ല. മെക്കാനിക്കൽ എൻജിനിയറിങ് വർക്ഷോപ്പിന് മുകളിൽ ഒരുക്കിയിട്ടുള്ള സൗകര്യം തിരുവനന്തപുരം എഫ്ആർആർഒ ഓഫീസർ നേരിട്ടെത്തി വിലയിരുത്തുകയും അനുകൂലമായ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകുകയും ചെയ്തു. ഇവിടെ ബിഎസ്എൻഎൽ ഡാറ്റാ കണക്ഷൻ സ്ഥാപിക്കുന്നതിനായി എഫ്ആർആർഒ ഓഫീസിന് മെയിൽ വഴി വിവരങ്ങളും കൊല്ലം തുറമുഖം അധികൃതർ നൽകിയിരുന്നു. അവിടെയും തുടർ നടപടിയുണ്ടായില്ല.
■ ശ്രീലങ്കയിൽ യാത്രാക്കപ്പൽ റെഡി, പക്ഷേ...
എമിഗ്രേഷൻ സൗകര്യമുണ്ടോ. ശ്രീലങ്കയിൽനിന്ന് യാത്രാകപ്പൽ കൊല്ലത്തേക്ക് വരാൻ റെഡി. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ഒരു ഏജൻസി കൊല്ലം തുറമുഖം ഓഫീസിലേക്ക് വിളിച്ചു. പക്ഷേ എന്തുചെയ്യാൻ അധികൃതർ കൈമലർത്തി. ക്രൂ (ഷിപ്പിലെ ഓഫീസർമാരും ജീവനക്കാരും) മാറ്റത്തിനായാണ് കപ്പൽ കൊല്ലം തുറമുഖത്തെ സൗകര്യം ആവശ്യപ്പെട്ടത്. ആറുമാസത്തെ ഡ്യൂട്ടിക്കായി കപ്പലിൽ പ്രവേശിച്ച ജീവനക്കാരെ ഇറക്കി പുതിയ ടീമിനെ കയറ്റുന്നതാണ് ക്രൂ ചെയ്ഞ്ചിങ്.
■ വരുമോ കൊളംബോ യാത്രാക്കപ്പൽ...
നിലവിൽ എമിഗ്രേഷൻ സൗകര്യം ഇല്ലെങ്കിലും ഒരു സന്തോഷവാർത്തയുണ്ട്. കൊളംബോയിൽനിന്ന് കൊല്ലത്തേക്ക് യാത്രാക്കപ്പൽ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ച നടക്കുന്നു. എമിഗ്രേഷൻ സൗകര്യം വരുന്നമുറയ്ക്കാവും ചർച്ചയുടെ പുരോഗതി.
■ ഇന്ധനം നിറയ്ക്കാം
ജല വാഹനങ്ങൾക്ക്
ജല വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള സംവിധാനം കൊല്ലം തുറമുഖത്ത് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയത് ആശ്വാസ വാർത്തയാണ്. ഇതുസംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി പോർട്ട് അധികൃതർ ചർച്ചനടത്തി. തുടർ നടപടി വേഗത്തിലായാൽ അത് തുറമുഖത്തിന്റെ മറ്റൊരു വികസന നേട്ടമാകും.
■ അനന്ത സാധ്യതകൾ
കൊല്ലം തുറമുഖത്തിന്റെ സാധ്യതകൾ ഏറെ. ആഴമേറിയ തുറമുഖമെന്ന നിലയിൽ വലിയ ചരക്കുകപ്പലുകൾ അടുപ്പിക്കുന്നതിന് സൗകര്യമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് കൊല്ലത്തിന് ആവശ്യമായ തോട്ടണ്ടി വേഗത്തിൽ എത്തിക്കാനാകും. ചവറയിലെ ഐആർഇ, കെഎംഎംഎൽ സ്ഥാപനങ്ങളുടെ ഉൽപ്പന്നവും കരിമണലും കടൽമാർഗം വിവിധ രാജ്യങ്ങളിൽ എത്തിക്കാനും കഴിയും. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കടൽമാർഗം എത്തിക്കാം. നിലവിൽ കൊച്ചി, തൂത്തുക്കുടി തുറമുഖത്ത് ഇവ എത്തിച്ച് റോഡുമാർഗമാണ് കൊണ്ടുവരുന്നത്. യാത്രാ കപ്പലുകളുടെ സാധ്യതയും വളരെ കൂടുതലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..