24 November Tuesday

കൂടുതൽ സർവീസുമായി കെഎസ്‌ആർടിസി

സ്വന്തം ലേഖകൻUpdated: Thursday Oct 29, 2020
കൊല്ലം
ജില്ലയിൽനിന്ന്‌ കൂടുതൽ ബസ്‌ സർവീസുകൾ കെഎസ്‌ആർടിസി തുടങ്ങുന്നു. ഓരോ കോട്ടയം, തിരുവനന്തപുരം ഫാസ്റ്റ്‌ പാസഞ്ചർ സർവീസ്‌ കൂടി കൊല്ലത്തു‌നിന്ന്‌ തിങ്കളാഴ്‌ച തുടങ്ങും. 
രാവിലെ 7.15ന്‌ ആരംഭിക്കുന്ന കോട്ടയം ബസ്‌ കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, തിരുവല്ല വഴിയാണ്‌ യാത്ര. കരിക്കോട്‌, ചന്ദനത്തോപ്പ്‌, കേരളപുരം, കുണ്ടറ, കൊട്ടിയം വഴിയാണ്‌ തിരുവനന്തപുരം ബസിന്റെ യാത്ര. ഇതോടെ കൊല്ലത്ത്‌ ഓപ്പറേറ്റ്‌ ചെയ്യുന്ന ബസുകളുടെ എണ്ണം 40 ആകും. ലോക്ക്‌ഡൗണിനു‌ ശേഷം 10 സർവീസുമായാണ്‌ ഡിപ്പോ പ്രവർത്തനം പുനരാരംഭിച്ചത്‌. 
നിർത്തിവച്ചിരുന്ന കൊല്ലത്ത്‌ നിന്നുള്ള ഗ്രാമീണ മേഖലാ സർവീസുകളും പുനരാരംഭിച്ചു തുടങ്ങി. പ്രാക്കുളം, പെരുമൺ സർവീസുകൾ നേരത്തെയും ഓടനാവട്ടം സർവീസ്‌ ബുധനാഴ്ചയും തുടങ്ങി. രാവിലെയും വൈകിട്ടുമുള്ള ട്രിപ്പുകളാണ്‌ ഇപ്പോളുള്ളത്‌. കൊട്ടാരക്കര ഡിപ്പോ 62, കരുനാഗപ്പള്ളി 30, പുനലൂർ 30 സർവീസുകളാണ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌. കൊല്ലം ഡിപ്പോയിൽനിന്ന്‌ ആരംഭിക്കുന്ന തിരുവനന്തപുരം ബോൻഡ്‌ സർവീസിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി വരുന്നു. 211 രൂപയാണ്‌ ഒരു ദിവസത്തെ ചാർജ്‌. നോൺ സ്റ്റോപ് സർവീസാണിത്‌. 25 ദിവസത്തേക്ക്‌ ബോൻഡ്‌ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഇതുപ്രകാരം യാത്രക്കാർക്ക്‌ 25 പ്രവർത്തിദിവസം യാത്രചെയ്യാം. 
വരുമാനത്തിൽ കൊല്ലം
ജില്ലയിലെ ഏറ്റവും കൂടുതൽ ദിവസ വരുമാനമുള്ള ഡിപ്പോ ആയി കൊല്ലം മാറി. കഴിഞ്ഞ ദിവസത്തെ ടിക്കറ്റ്‌ വരുമാനം 4.2 ലക്ഷമാണ്‌. 36 ബസ്‌ ഓപ്പറേറ്റ്‌ ചെയ്‌തപ്പോഴുള്ള കണക്കാണിത്‌. ശരാശരി വരുമാനം 3,70,000 രൂപായണ്‌. 
സീറ്റ്‌ റിസർവേഷൻ തുടങ്ങി
കൊല്ലം ഡിപ്പോയിൽ സീറ്റ്‌ റിസർവേഷൻ ബുധനാഴ്‌ച പുനരാരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ്‌ സീറ്റ്‌ റിസർവേഷനുള്ളത്‌. കൂപ്പൺ നിരക്ക്‌ 10 രൂപയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top