02 December Friday

ജാഗ്രത കടുപ്പിച്ചു

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022
കൊല്ലം
പോപ്പുലർഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിനെ തുടർന്ന്‌ ജില്ലയിൽ ജാഗ്രത കടുപ്പിച്ച്‌ പൊലീസ്‌. പിഎഫ്‌ഐ ഓഫീസുകളും പ്രധാന പ്രവർത്തകരും നീരീക്ഷണത്തിലാണ്‌. പൊലീസും രഹസ്യാന്വേഷണ വിഭാഗവും നേതാക്കളുടെ ഫോൺവിളികളും പരിശോധിക്കുന്നു. 
പോപ്പുലർഫ്രണ്ടിന്റെ നിരോധനം വന്നയുടൻ കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലർഫ്രണ്ടിന്റെ ദക്ഷിണമേഖലാ ഓഫീസായ കാരുണ്യാ ട്രസ്റ്റ്‌ പൊലീസിന്റെ നിരീക്ഷണത്തിലായി. ഇവിടെനിന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ബുധനാഴ്‌ച പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. 
ചൊവ്വ രാത്രി പൊലീസ്‌ ചവറ, കരുനാഗപ്പള്ളി, കണ്ണനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ റെയ്‌ഡ്‌ നടത്തി. കണ്ണനല്ലൂരിൽനിന്ന്‌ അഞ്ചുപേരെ അറസ്റ്റ്‌ ചെയ്‌തു. ഇവർ ഹർത്താൽദിവസം പ്രകടനംനടത്തി ആക്രമണത്തിനു തുനിയുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തവരാണ്‌. ഹർത്താലിന്റെ മറവിൽ  പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതിനും പൊലീസ്‌ ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആക്രമിച്ചതിനും സിറ്റി, റൂറൽ പൊലീസ്‌ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 41 കേസാണ്‌ രജിസ്റ്റർചെയ്തിട്ടുള്ളത്‌. ആകെ പ്രതികളുടെ എണ്ണം 480 ആണ്‌. ഇതിൽ സിറ്റിയിൽ 27 കേസിൽ 169 പേരെയും റൂറലിൽ 12 കേസിൽ 71 പേരെയുമാണ്‌ അറസ്റ്റ്‌ചെയ്തിട്ടുള്ളത്‌. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന്‌ പൊലീസ്‌ അതീവ ജാഗ്രതയിലാണെന്നും ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയ കേസിൽ എല്ലാ പ്രതികളെയും അറസ്റ്റ്‌ ചെയ്യുമെന്നും സിറ്റി പൊലീസ്‌ കമീഷണർ മെറിൻ ജോസഫും റൂറൽ എസ്‌പി കെ ബി രവിയും പറഞ്ഞു. കരുനാഗപ്പള്ളിയിലെ ദക്ഷിണമേഖലാ ഓഫീസ്‌ സീൽചെയ്‌ത്‌ മുദ്രവയ്‌ക്കാൻ നടപടിയുണ്ടാകും. കലക്ടർ ആണ്‌ തുടർനടപടി സ്വീകരിക്കേണ്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top