02 December Friday

മതത്തിനെ മറയാക്കി 
കൊടും ക്രൂരത

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022

എം എ അഷ്റഫ്

അഞ്ചൽ 
പോപ്പുലർ ഫ്രണ്ട്  ഇസ്ലാമിന്റെ പേരുപറഞ്ഞ് ആളെക്കൂട്ടി നടത്തുന്നത് കൊടും ക്രൂരതയാണെന്ന് അനശ്വര രക്തസാക്ഷി എം എ അഷ്റഫിന്റെ ഭാര്യപിതാവ് ഉമ്മർഖാൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച വാർത്തയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും തൊണ്ണൂറുകാരനായ ഉമ്മർഖാൻ ചൂണ്ടിക്കാട്ടി. അഷ്‌റഫിന്റെ ജീവൻ കവർന്നവരിൽ ആ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർ അടക്കം  ഉണ്ടായിരുന്നെന്നും ഇവരെ ഒപ്പം കൂട്ടിയത് ഇസ്ലാമിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
തടിക്കാട് ഗ്രാമത്തിൽ ജാതിക്കും മതത്തിനും അധീതമായി ജനങ്ങളെ സംഘടിപ്പിച്ച് സിപിഐ എം നേതാവും ജനപ്രതിനിധിയുമായി വളർന്ന അവസരത്തിലാണ് എം എ അഷ്റഫിന്റെ ജീവൻ പോപ്പുലർ ഫ്രണ്ടിന്റെ പഴയ രൂപമായ എൻഡിഎഫിന്റെ കൊലപാതികൾ കവർന്നെടുത്തത്‌. പ്രദേശത്ത് ഒരുവിധ പ്രശ്നങ്ങളും ഇല്ലാതിരുന്ന അവസരത്തിലാണ് അഷ്റഫിനെ കൊലപ്പെടുത്തിയത്‌. എന്നാൽ, എൻഡിഎഫിന്റെ തീവ്രവാദ പ്രവർത്തനങ്ങളെയെല്ലാം അഷ്റഫ്‌ തുറന്നുകാട്ടിയിരുന്നു. 2002 ജൂലൈ 18ന് രാത്രിയിൽ തടിക്കാട് പുളിമുക്കിൽ പാട്ടപ്പള്ളി വീട്ടിൽ അതിക്രമിച്ചു കയറിയാണ്‌ അഷ്റഫിനെ കൊലപ്പെടുത്തിയത്‌. പുറത്ത് സ്ഫോടനം ഉണ്ടാക്കി ഭീകരത സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം.  
 ബാപ്പ ഹാജി മുഹമ്മദ് ഹനീഫയുടെയും പിഞ്ച് കുഞ്ഞുങ്ങളുടെയും  മുന്നിലിട്ടായിരുന്നു അഷ്റഫിനെ പൈശാചികമായി കൊലപ്പെടുത്തിയത്. സിപിഐ എം ഏരിയ കമ്മറ്റിഅംഗവും അറയ്ക്കൽ സർവീസ് സഹകരണബാങ്ക് പ്രസിഡന്റും ഇടമുളയ്ക്കൽ പഞ്ചായത്ത് അംഗവുമായിരുന്നു അഷ്റഫ്‌. കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിഅംഗം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ  എന്നീ നിലകളിലും പ്രവർത്തിക്കവെയാണ്‌ മതതീവ്രവാദികൾ  അഷ്റഫിന്റെ ജീവനെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top