09 December Friday

പുത്തൂർ ടൗൺ റോഡ് നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

പുത്തൂർ ടൗണിൽ രാത്രിയിൽ റോഡ് നിർമാണം പുരോഗമിക്കുന്നു

എഴുകോൺ
തകർന്നടിഞ്ഞ പുത്തൂർ ടൗൺ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന സർക്കാർ അനുവദിച്ച 3.53കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. പുത്തൂർ ചേരിയിൽ ദേവീക്ഷേത്ര സമീപം, ആലയ്ക്കൽ ജങ്ഷൻ എന്നിവിടങ്ങളിലെ കലുങ്കുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. ഓട നിർമാണം, ബഥനി ജങ്ഷൻമുതൽ ആലയ്ക്കൽ ജങ്ഷൻ വരെയുള്ള ടാറിങ് എന്നിവ നടക്കും. ഏഴുമീറ്റർ വീതിയിൽ ടാറിങ് നടത്തി വശങ്ങളിൽ ഇന്റർലോക്ക് ടൈൽ പാകും. രാത്രിയിലും നിർമാണം പുരോഗമിക്കുകയാണ്. നവീകരണം നടക്കുന്നതിനാൽ പുത്തൂർ ടൗണിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. 
ശാസ്താംകോട്ട ഭാഗത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്കു പോകേണ്ടുന്ന വാഹനങ്ങൾ പാങ്ങോട് കാഷ്യൂ ഫാക്ടറി ജങ്ഷനിൽനിന്ന് ഇടത്തേക്കു തിരിച്ചുവിട്ടു. ശാസ്താംകോട്ട ഭാഗത്തുനിന്നു കുണ്ടറ, കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ കരിമ്പിൻപുഴ പാലമുക്കിൽനിന്ന് വലത്തോട്ട് പോകണം. കൊട്ടാരക്കര ഭാഗത്തുനിന്ന് ശാസ്താംകോട്ടക്ക് പോകേണ്ടവർ പുത്തൂർ മണ്ഡപം ജങ്ഷനിൽനിന്ന് വലത്തേക്ക് പോകണം. കൊട്ടാരക്കര ഭാഗത്തുനിന്ന് കുണ്ടറ, കൊല്ലം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ പുത്തൂർ മണ്ഡപം ജങ്ഷനിൽനിന്ന് ഇടത്തേക്കുപോകണം.കൊട്ടാരക്കര -–-സിനിമാപറമ്പ് റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിച്ചെങ്കിലും പുത്തൂർ ടൗണിനെ ഒഴിവാക്കിയിരുന്നു. ശിവഗിരി പാങ്ങോട് റോഡിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ചന്തമുക്ക്‌ മുതൽ ബഥനിവരെയുള്ള ഭാഗം ഈ റോഡിന്റെ ഭാഗം അല്ലായിരുന്നെങ്കിലും അവിടെയും നിർമാണം നടന്നില്ല. ഇതു പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top