05 August Wednesday

സുഭിക്ഷ കേരളത്തിന്‌ 938 പദ്ധതികൾ

സ്വന്തം ലേഖകന്‍Updated: Monday Jun 29, 2020
കൊല്ലം
സുഭിക്ഷ കേരളം പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ വകുപ്പുകളുടെ 938 പദ്ധതികൾക്ക്‌ അന്തിമാനുമതി. കൃഷിവകുപ്പിന്റെ 604 പദ്ധതികളിൽ 595 എണ്ണത്തിന്‌ അനുമതി ലഭിച്ചു. ഫിഷറീസ്‌ വകുപ്പിൽ 86, ക്ഷീരവികസനത്തിൽ 78, മൃഗസംരക്ഷണ മേഖലയിൽ 156 എന്നിങ്ങനെ പദ്ധതികൾ സുഭിക്ഷകേരളത്തിൽ നടപ്പാക്കും. 1909.36 ഹെക്ടർ തരിശുനിലത്തിൽ‌‌ ‌പദ്ധതിപ്രകാരം കൃഷിയിറക്കും. ഒന്നാംഘട്ടത്തിൽ 11 ബ്ലോക്കുകളിലായി 523 ഹെക്ടർ സ്ഥലം കണ്ടെത്തി. 
അംഗീകാരമായ പദ്ധതിപ്രകാരം 714.8 ഹെക്‌ടർ സ്ഥലത്ത്‌ നെൽക്കൃഷിയാണ്‌. 305.84 ഹെക്‌ടറിൽ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യും. വാഴ –307.9, പച്ചക്കറി–231.3, പഴവർഗം –- 217, പയറുവർഗം –68.6, മറ്റുവിളകൾ –-9, ഇഞ്ചി –-1, കുരുമുളക്‌ –-16 ഹെക്‌ടറിലും കൃഷി ചെയ്യും. 
ഏകദേശം 2530 പേർക്കാണ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌‌ ഇതിനകം കിസാൻ ക്രഡിറ്റ്‌ കാർഡ്‌ അനുവദിച്ചത്‌‌. 39,000 പേർക്ക്‌ പിഎം കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട്‌ നേരത്തെ കാർഡ്‌ അനുവദിച്ചിരുന്നു. 
കേരള ബാങ്ക്‌ ജില്ലയിൽ മൊത്തം 67.69 കോടി രൂപ വായ്‌പയായി കർഷകർക്ക്‌ അനുവദിച്ചിട്ടുണ്ട്‌. 49 സംഘങ്ങളിൽ 59 മാതൃകാ കൃഷിത്തോട്ടം തുടങ്ങി. ഇതിനായി  94.08 ഏക്കർ സ്ഥലം വിനിയോഗിച്ചു. തൊഴിലുറച്ച്‌ പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകൾ അഡീഷണൽ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം വാങ്ങുന്നതിനുള്ള നടപടി ചൊവ്വാഴ്‌ച ‌പൂർത്തിയാക്കും. 220 പശുത്തൊഴുത്ത്‌, ആട്ടിൻകൂട്‌, കോഴിക്കൂട്‌ എന്നിവയുടെ നിർമാണവും ആരംഭിച്ചു. ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട്‌ കമ്പോസ്റ്റ് പിറ്റ്‌, സോക്‌ പിറ്റ്‌ എന്നിവ വാർഡിൽ പരമാവധി 50 എണ്ണം വീതം നിർമിക്കും. തരിശുഭൂമിയിൽ തീറ്റപ്പുൽ കൃഷി 65 ഹെക്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. മത്സ്യക്കുളം കുഴിക്കുന്ന പദ്ധതികൂടി പുതിയതായി ഉൾപ്പെടുത്തും. ഒരു കോടി ഫലവൃക്ഷത്തൈ വിതരണമാണ്‌ ജില്ല ലക്ഷ്യമിടുന്നത്‌. ഒന്നാംഘട്ടത്തിൽ നാലുലക്ഷം തൈ വിതരണംചെയ്തു.  
കാർഷിക കർമസേനയ്‌ക്ക് യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം വരെ (പരമാവധി 10 ലക്ഷംരൂപ)സബ്‌സിഡി നൽകും. ജൈവഗൃഹം പദ്ധതിയിൽ അഞ്ചു മുതൽ 30 സെന്റ്‌ വരെ കൃഷിയുള്ളവർക്ക്‌ 30,000രൂപ, 31 മുതൽ 40 സെന്റ്‌ വരെ 40,000 രൂപ, 41 മുതൽ രണ്ട്‌ ഹെക്ടർ വരെയുള്ളവർക്ക്‌ 50,000 രൂപ എന്നിങ്ങനെ സബ്‌സിഡി അനുവദിക്കും. മിനിമം അഞ്ച്‌ സെന്റ്‌ ഭൂമിയെങ്കിലും സ്വന്തമായുണ്ടായിരിക്കണം. 
ബാക്കി പാട്ടത്തിനെടുത്ത്‌ ചെയ്യാം‌. പോഷകത്തോട്ടം (പച്ചക്കറി, ഫലവൃക്ഷങ്ങൾ), മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പശു, കോഴി, ആട്‌, താറാവ്‌, മുയൽ ഇവയിലേതെങ്കിലുമൊന്ന്‌ നിർബന്ധമാണ്‌. കൂടാതെ തേനീച്ച, ഇടവിളകൃഷി, മാലിന്യസംസ്‌കരണം, ജലസംരക്ഷണം ഇവയിൽ ഏതെങ്കിലുമൊന്ന്‌ ചെയ്യണം‌. ഇതിനായി 2748 അപേക്ഷ ഇതിനകം ലഭിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top