31 March Tuesday

ആരുടെ സീബ്രാലൈൻ ?

സ്വന്തം ലേഖകൻUpdated: Saturday Feb 29, 2020

ചിന്നക്കട മേൽപ്പാലത്തിനും റൗണ്ടിനുമിടയിൽ സീബ്രാലൈനിൽ വാഹനങ്ങൾക്കിടയിലൂടെ റോഡ്‌ മുറിച്ചുകടക്കുന്നവർ

കൊല്ലം 
ജില്ലാ കേന്ദ്രമായ കൊല്ലം നഗരത്തിലെ ഹൃദയ ഭൂമികയാണ് ചിന്നക്കട. എന്നാൽ, ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ശരിക്കും പെട്ടുപോകും. റോഡുകൾ മുറിച്ചു കടക്കണമെങ്കിൽ ജീവൻ പണയംവച്ച്‌ അഭ്യാസം നടത്തണം. സീബ്രാലൈനുകൾ ഉണ്ടെങ്കിലും സുരക്ഷിത യാത്രയ്ക്ക്‌ ഇതുമതിയാകില്ല. സിഗ്നൽ സംവിധാനവും സീബ്രാ ലൈനുകളും പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചു. 
പോരായ്മകൾ ഉണ്ടെങ്കിലും നിലവിലെ ട്രാഫിക് പരിഷ്കാരം നഗരത്തിന്റെ മുഖംമാറ്റിയിരുന്നു.  എന്നാൽ, അനുദിനം വളരുന്ന കൊല്ലം നഗരത്തിനു ഇനി  വേണ്ടത് ശാസ്ത്രീയവും അപകടരഹിതവുമായ സിഗ്നൽ സമ്പ്രദായങ്ങളും റോഡ് മുറിച്ചു കടക്കാനുള്ള മാർഗങ്ങളുമാണ്. 
ചിന്നക്കടയിൽ അടിപ്പാതയും  മേൽപ്പാലവും നിർമിച്ചത് 2013 ലാണ്. റൗണ്ടിനു ചുറ്റുമായി മൂന്നു  സീബ്രാലൈനുകളുണ്ട്. റസ്റ്റ് ഹൗസിനു മുൻവശത്തും  ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും മേൽപ്പാലം തുടങ്ങുന്നിടത്തുമാണ്  സീബ്രാലൈനുകൾ. ഇതിൽ മേൽപ്പാലം തുടങ്ങുന്നിടത്ത്‌ ട്രാഫിക് പൊലീസിന്റെ  സാന്നിധ്യമില്ല.
സീബ്രാലൈനും 4 റോഡും
ഏറ്റവും അപകടം പതിയിരിക്കുന്നത് തിരുവനന്തപുരം റോഡിലെ മേൽപ്പാലം തുടങ്ങുന്നിടത്താണ്‌. ഇവിടെ നാല് പാതകളാണുള്ളത്. തിരുവനന്തപുരം –- കൊല്ലം രണ്ടുവരി പാതയും വൺവേ ആയ ബീച്ച് റോഡും കുമാർ റോഡും. ഒരു റോഡിൽനിന്ന്‌ മറ്റൊന്നിലേക്കുള്ള മുറിച്ചു കടക്കൽ വലിയ പ്രയാസമാണ്‌. സീബ്രാലൈനിന്‌ വാഹനങ്ങൾ യാതൊരു പ്രാധാന്യവും നൽകാറില്ല. ഒന്നിൽനിന്ന് രക്ഷപ്പെട്ടു മറ്റൊന്നിലേക്ക് കാൽവയ്ക്കുമ്പോഴും വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തും. ചുരുക്കത്തിൽ അങ്ങോട്ടുമിങ്ങോട്ടും  നീങ്ങാനാകാതെ കാൽനടയാത്രക്കാരൻ സീബ്രാലൈനിൽ കുടുങ്ങും. നിത്യേന ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്. 
മേൽപ്പാലത്തിന്റെ തൂണുകൾ മറവുചെയ്തു സ്ഥാപിച്ചിട്ടുള്ള   സ്ലാബുകൾ നീക്കം ചെയ്താൽ വൺവേ റോഡുകളെ ബന്ധിപ്പിച്ചു പാസേജ് നിർമിക്കാം.  പാലം തുടങ്ങുന്നിടത്തു സാംബശിവൻ സ്‌ക്വയറിനു മുമ്പായി പാസേജ് നിർമിക്കുന്നത് കാൽനട യാത്രക്കാർക്ക് സൗകര്യമാകും. 
സിഗ്നൽ മെച്ചമല്ല, 
നാറ്റ്‌പാക്ക്  കനിയണം
നഗരത്തിലെ സിഗ്നൽ സംവിധാനം മെച്ചമല്ലെന്ന് കൊല്ലം ട്രാഫിക് പൊലീസ് എസ്ഐ പി പ്രദീപ് പറഞ്ഞു. ശാസ്ത്രീയമായി ഇവ പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചു. ചിന്നക്കടയിൽ ചുവന്ന സിഗ്നൽ സമയം വർധിപ്പിക്കുകയും വേണം. അന്താരാഷ്ട്ര ലെവലിൽ 15 സെക്കൻഡാണ് ചുവന്ന സിഗ്നൽ. ചിന്നക്കടയിൽ 10 സെക്കൻഡിൽ താഴെയാണ്. അതുപോലെ മൂന്നു സീബ്രാലൈനുകളും ഒരേസമയം യാത്രക്കാർക്ക് മുറിച്ചുകടക്കാൻ ആകുംവിധം സിഗ്നൽ പരിഷ്കരിക്കണം. സിഗ്നൽ ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്‌  ട്രാഫിക് പൊലീസ് നാറ്റ്‌പാക്കിന്‌  അപേക്ഷ നൽകിയിട്ടുണ്ട്. റൗണ്ട് വീതി കുറച്ച് റോഡിന്റെ വീതി കൂട്ടാൻ റോഡ് സേഫ്ടി യോഗങ്ങളിലും ചർച്ചയുണ്ട്.  മേൽപ്പാലം ആരംഭിക്കുന്നിടത്തു  അപകട സാധ്യത ഏറെയാണ്. യാത്രക്കാർ ക്രോസ് ചെയ്യുമ്പോൾ വാഹനങ്ങൾക്ക് മുന്നറിയിപ്പ് സംവിധാനമില്ല. ട്രാഫിക് പൊലീസ് ആ ഭാഗത്ത് കൂടുതൽ ശ്രദ്ധിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 
വഴിയാത്രക്കാർക്ക് രക്ഷയില്ല 
മേൽപ്പാലം തുടങ്ങുന്നിടത്ത് സീബ്രാ ലൈനിൽ കാൽനടയാത്രക്കാർക്ക്‌ രക്ഷയില്ലെന്ന് ഉളിയക്കോവിൽ അധീനയിൽ  കെ സി അജിത്കുമാർ പറഞ്ഞു. 
സീബ്രാലൈൻ ഇന്നൊരു അപകടരേഖയാണ്.  ഇവിടെ മുന്നറിപ്പ് സംവിധാനവുമില്ല. നാലുപാതകൾ കടന്നുപോകുന്ന ഇവിടെ ക്രോസിങ്‌ പേടിസ്വപ്നമാണ്. 
പ്രധാന വാർത്തകൾ
 Top