എഴുകോൺ
കൊയ്ത്തുപാട്ടിന്റെ ഈരടിയിൽ നൂറുമേനിയുടെ സന്തോഷം നിറയേണ്ട കരീപ്ര പാട്ടുപുരയ്ക്കൽ ഏലായിൽ നിന്നു ഉയരുന്നത് കർഷകരുടെ ആശങ്കയാണ്. പൊന്നുവിളയേണ്ട 75 ഏക്കർ നെൽക്കൃഷിയാണ് വെള്ളമില്ലാത്തതിനാൽ ഉണങ്ങി നശിക്കുന്നത്.
കെഐപി കനാൽ തുറന്ന് വിടാത്തതാണ് കൃഷി നശിക്കാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു. വിരിപ്പൂവും മുണ്ടകനും ഇടതടവില്ലാതെ കൃഷി ചെയ്യുന്ന പാട്ടുപുരയ്ക്കൽ ജില്ലയിൽ മാതൃകാ നെല്ലുൽപ്പാദന കേന്ദ്രമാണ്. കനാൽ വെള്ളം പ്രതീക്ഷിച്ചാണ് കൃഷിയിറക്കിയത്. കെഐപി ഇടതുകര കനാൽ തുറന്നെങ്കിലും എല്ലാ സബ് കനാലുകളിലും ഫലപ്രദമായി വെള്ളം എത്തിയിട്ടില്ല. എല്ലായിടത്തും വെള്ളം എത്തും മുന്നേ കനാൽ അടച്ചു. മുൻ വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ കനാൽ ശുചീകരണം തൊഴിലുറപ്പിൽനിന്ന് നീക്കം ചെയ്തു. അതിനാൽ ഇത്തവണ മിക്ക സബ് കനാലുകളും തെളിച്ചിട്ടില്ല. കാടുമൂടി മണ്ണും അടിഞ്ഞുകൂടിയ നിലയിലാണ്. നെടുമൺകാവ് ആറ്റിൽ വെള്ളം ഇല്ലാത്തതിനാൽ കൽച്ചിറ കുടിവെള്ള പദ്ധതിയുടെ ജലവിതരണവും അവതാളത്തിലാണ്. കനാൽ തുറന്ന് വിട്ടില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് പാട്ടുപുരയ്ക്കൽ ഏലാസമിതി സെക്രട്ടറി ബി ചന്ദ്രശേഖരൻപിള്ള പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..