17 January Sunday

"ജലവഴി'യിൽ കുതിക്കാൻ കൊല്ലം

സ്വന്തം ലേഖകൻUpdated: Saturday Nov 28, 2020
കൊല്ലം
ദേശീയ ജലപാതയ്‌ക്കായുള്ള കൊല്ലം തോട്‌ നവീകരണത്തിന്റെ നാല്‌‌ റീച്ചുകളിൽ നിർമാണം അവസാനഘട്ടത്തിൽ. കച്ചിക്കടവ്‌ മുതൽ ജലകേളി വരെയുള്ള മൂന്നാം റീച്ചിലെ നിർമാണം കരാറുകാരൻ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതു‌ മാത്രമാണ്‌ തടസ്സം. ആറാമത്തെ റീച്ചിന്റെ നവീകരണം നേരത്തെ നടന്നിരുന്നു. ഇതുവരെയുള്ള നിർമാണ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസ്‌ കഴിഞ്ഞ ദിവസം വിലയിരുത്തി. എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്‌ എന്നിവരും നിർമാണം വേഗം പൂർത്തീകരിക്കാൻ 
ഇടപെടുന്നുണ്ട്‌.  
ഇരവിപുരം മുതൽ അഷ്ടമുടിക്കായൽവരെ 7.86 കിലോമീറ്ററാണ്‌ കൊല്ലം തോട്‌. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിലാണ്‌ നവീകരണം‌. എൽഡിഎഫ്‌ സർക്കാർ വന്നതോടെയാണ്‌ ദേശീയ ജലപാതയ്‌ക്കും കൊല്ലം തോട്‌ നവീകരണത്തിനും നടപടിയായത്‌. 30 കോടി രൂപയാണ്‌ പദ്ധതി അടങ്കൽ തുക. കരയിൽ താമസിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കി ദേശീയ ജലപാത തുറന്നുകൊടുക്കാനാണ്‌ സർക്കാർ തീരുമാനം. നിർമാണം മാർച്ചിൽ പൂർത്തീകരിക്കുമെന്നാണ്‌ 
പ്രതീക്ഷ. 
മൂന്നാമത്തെ റീച്ചിൽ 11 ശതമാനം മാത്രമാണ്‌ നടന്ന നിർമാണം. 2018 ജൂൺ നാലിനാണ്‌ അപ്പുക്കുട്ടൻ എന്നയാൾക്ക്‌ കരാർ നൽകിയത്‌. നിർമാണം നടത്താത്തതിനെ തുടർന്ന്‌ ഇയാളെ 2020 ജനവരി ഏഴിന്‌ നീക്കംചെയ്‌തു. ഇതിനെതിരെ കരാറുകാരൻ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന്‌ കോടതി കരാർ പുതുക്കാൻ ഉത്തരവിട്ടു. നവംബർ ഒമ്പതിന്‌ വീണ്ടും കരാർ പുതുക്കി. 2021 മാർച്ച്‌ എട്ടുവരെയാണ്‌ കാലാവധി. എന്നാൽ, പണി വീണ്ടും മുടങ്ങിക്കിടക്കുകയാണ്‌. കേരളത്തിൽ കോവളം മുതൽ ബേക്കൽവരെ 620 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ ദേശീയ 
ജലപാത.   
ടൂറിസം ജലയാനങ്ങൾ പരിഗണനയിൽ  
ഏപ്രിലോടെ ആദ്യഘട്ടമായി പോളകൾ നീക്കി ടൂറിസം ജലയാനങ്ങൾ സർവീസ്‌ നടത്തുന്നത്‌ ആലോചനയിലാണെന്നും ഉൾനാടൻ ജലഗതാഗത വകുപ്പ്‌ കൊല്ലം അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ജോയി ജനാർദനൻ 
പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top