19 January Tuesday

കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ വിജിലൻസ്‌ പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020
കൊല്ലം 
കെഎസ്എഫ്ഇ കരുനാഗപ്പള്ളി ടൗൺ ബ്രാഞ്ചിലും കൊല്ലം വടയാറ്റുകോട്ട ബ്രാഞ്ചിലും വിജിലൻസിന്റെ മിന്നൽ പരിശോധന‌. രണ്ട് ബ്രാഞ്ചിലും പണം അക്കൗണ്ടിൽ വരുംമുമ്പേ ചിറ്റാളന്മാരെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തി. കരുനാഗപ്പള്ളി ബ്രാഞ്ചിൽ ജീവനക്കാരുടെ പേരിലും ബന്ധുക്കളുടെ പേരിലും ചിട്ടി തുടങ്ങിയശേഷം പണം അടയ്ക്കാതെ ചിട്ടി മുടക്കിയിട്ടിരിക്കുന്നതായും കണ്ടെത്തിട്ടുണ്ട്‌. രണ്ടു ലക്ഷത്തിന് മുകളിൽ മാസ അടവുകൾ വരുന്ന ചിട്ടികളിൽ ചിറ്റാളന്മാർ കള്ളപ്പണം വെളുപ്പിക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന‌.    
ഒരുവിഭാഗം കെഎസ്എഫ്ഇ ബ്രാഞ്ച് മാനേജർമാർ പണം വകമാറ്റി ചെലവഴിക്കുന്നതായും ഇത് പലിശയിനത്തിൽ സർക്കാരിന് ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തുന്നതായും പരാതിയുയർന്നിരുന്നു‌.   
മൾട്ടി ഡിവിഷൻ ചിട്ടിയിൽ ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പല ചിറ്റാളന്മാരും ബിനാമിയായി കൂടുതൽ ചിട്ടികളിൽ ചേർന്ന് നറുക്കു കൈവശം വയ്ക്കും. ചിട്ടികളിൽ വലിയൊരുഭാഗം കൈവശം വയ്ക്കുന്ന ഇത്തരക്കാർ ലഭിച്ച ചിട്ടി മാത്രം കുറച്ചുമാസം കഴിഞ്ഞ്‌ അടച്ച്‌ ബാക്കി ചിട്ടികൾക്ക് പണം അടയ്‌ക്കില്ല. വീഴ്ചവരുത്തുന്ന ചിട്ടികളുടെ വിഹിതം കെഎസ്എഫ്ഇയുടെ തനത് ഫണ്ടിൽനിന്ന് എടുത്താണ് അതതു മാസങ്ങളിൽ ചിട്ടി ലഭിച്ച മറ്റുള്ളവർക്ക് തുക നൽകുന്നത്‌. ഇത് കെഎസ്എഫ്ഇക്ക്‌ വൻ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നു‌. 
വിജിലൻസ് ദക്ഷിണമേഖലാ പൊലീസ് സൂപ്രണ്ട് ആർ ജയശങ്കറിന്റെ നിർദ്ദേശാനുസരണം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അശോക് കുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ അജയ് നാഥ്, സുധീഷ്, അബ്ദുൽ റഹ്മാൻ എന്നിവരും കൊല്ലം കോ –-ഓപ്പറേറ്റീവ്  ഓഡിറ്റ് ഡിപ്പാർട്ട്മെന്റിലെ അസി. ഡയറക്ടർ തുളസീധരൻനായർ, കൊല്ലം ലോക്കൽ ഫണ്ട്‌ ഓഡിറ്റ് ഓഫീസിലെ ഓഡിറ്റ് ഓഫീസർ നവീൻ ചന്ദ്രൻ എന്നിവരും മറ്റ് വിജിലൻസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. പരിശോധന തുടരുമെന്ന്‌ വിജിലൻസ് ഡിവൈഎസ്‌പി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top