02 December Friday
ജോഡോ പിരിവിലെ നടപടി

ഡിസിസി പ്രസിഡന്റ്‌ 
ഗ്രൂപ്പ്‌ നേതാവായെന്ന്‌ വിമർശം

സ്വന്തം ലേഖകൻUpdated: Wednesday Sep 28, 2022
കൊല്ലം
ജോഡോ യാത്രയ്‌ക്കുള്ള പണപ്പിരിവിന്റെ പേരിൽ നേതാക്കൾ പുറത്തായ സംഭവത്തിൽ ഡിസിസി പ്രസിഡന്റ്‌ ഗ്രൂപ്പ്‌ നേതാവായെന്ന്‌ ഭാരവാഹി യോഗത്തിൽ വിമർശം. ഭാരത്‌ ജോഡോ യാത്രയുടെ ജില്ലയിലെ പ്രകടനം വിലയിരുത്താൻ ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിലാണ്‌ രൂക്ഷവിമർശനം. മുതിർന്ന നേതാവായ കുന്നിക്കോട്‌ ഷാജഹാനെ പുറത്താക്കിയ നടപടിക്കെതിരെ കിഴക്കൻ മേഖലയിൽനിന്നുള്ള അംഗങ്ങളാണ്‌ പ്രതിഷേധം ഉയർത്തിയത്‌. ഡിസിസി പ്രസിഡന്റിന്റെ വിശ്വസ്‌തനായ കൊടിക്കുന്നിൽ സുരേഷ്‌ അടക്കം ഭൂരിപക്ഷം പേരും പങ്കെടുക്കാതിരുന്ന യോഗം പിന്നീട്‌ വിപുലമായി ചേരാൻ തീരുമാനിച്ചു.
യാത്ര ജില്ലയിൽ പ്രവേശിച്ച്‌ മൂന്നാംനാൾ പിരിവിന്റെ പേരിൽ മൂന്ന്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെയാണ്‌ ഡിസിസി പ്രസിഡന്റ്‌ നടപടിയെടുത്തത്‌. തുക കുറഞ്ഞതിന്റെ പേരിൽ കുന്നിക്കോട്ടെ വഴിയോര പച്ചക്കറിക്കടയിൽ അക്രമം നടത്തിയ വിളക്കുടി വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ സലിം സൈനുദീൻ, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അനീഷ്‌ഖാൻ എന്നിവരും ഡിസിസി അംഗം കുന്നിക്കോട്‌ ഷാജഹാനുമാണ്‌ പുറത്തായത്‌. അക്രമം തടയാൻ ശ്രമിച്ച കുന്നിക്കോട്‌ ഷാജഹാനെതിരെ നടപടിയെടുത്തത്‌ ചിലരുമായി ഡിസിസി പ്രസിഡന്റുണ്ടാക്കിയ രഹസ്യധാരണയെത്തുടർന്നാണ്‌ എന്ന്‌ പുനലൂരിൽനിന്നുള്ള ഡിസിസി അംഗം പറഞ്ഞു. തുടർന്ന്‌ സംസാരിച്ചവരും ഡിസിസിയെ ശക്തമായി വിമർശിച്ചു. സംസ്ഥാനത്ത്‌ ഭാരത്‌ ജോഡോ യാത്ര കടന്നുപോയ സ്ഥലങ്ങളിൽ ഏറ്റവുമധികം വിവാദം ഉയർന്ന ജില്ലയാണ്‌ കൊല്ലം. ഫണ്ട്‌പിരിവ്‌ പൊലീസ്‌ കേസായി ദേശീയ വാർത്തയായതാണ്‌ നടപടിയിൽ എത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top