28 September Tuesday

വിസ്‌മയയുടെ മരണം: കുറ്റപത്രത്തിന്റെ കരടായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

കൊല്ലം>ബിഎഎംഎസ്‌ വിദ്യാർഥി  വിസ്‌മയയെ ഭർതൃഗ്യഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കുറ്റപത്രത്തിന്റെ കരട്‌ തയ്യാറായി. ലഭ്യമാകുന്ന പുതിയ തെളിവുകളുടെയും കോടതി നടപടികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ  കൂട്ടിച്ചേർക്കൽ വരുത്തി അന്തിമ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കുമെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വംനൽകുന്ന ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാർ പറഞ്ഞു. 

ലഭ്യമായ എല്ലാ പരിശോധന ഫലങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിസ്‌മയയുടേത്‌ തൂങ്ങിമരണമാണെന്ന നിഗമനത്തിലാണ്‌ അന്വേഷകസംഘം. തൂങ്ങിമരണമാണെന്നാണ്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും. ആന്തരികാവയവങ്ങളുടെ രാസപരിശോധനയുടെ അന്തിമ റിപ്പോർട്ട്‌ ഇനിയും കോടതിക്ക്‌ ലഭ്യമായിട്ടില്ല.  ഏറെ ചർച്ചചെയ്യപ്പെട്ട കേസ്‌ എന്ന നിലയിൽ  എല്ലാ പഴുതുകളും അടച്ചുള്ള കുറ്റപത്രമാകും അന്വേഷകസംഘം കോടതിയിൽ സമർപ്പിക്കുക. 
 
നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകൾ വിസ്‌മയയെ (24) ജൂൺ 21 ന്‌ പുലർച്ചെയാണ്‌ ഭർത്താവ്‌ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടറാണ്‌ പ്രതി കിരൺകുമാർ.
 
ജനുവരി രണ്ടിന്‌ വിസ്‌മയയുമായി നിലമേലിലെ വീട്ടിലെത്തിയ കിരൺകുമാർ സ്‌ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി വഴക്കിട്ടിരുന്നു. വിസ്‌മയയുടെ അച്ഛനെ അസഭ്യം പറയുകയും സഹോദരൻ വിജിത്തിനെ മർദിക്കുകയും ചെയ്‌തു. സംഭവമറിഞ്ഞെത്തിയ ചടയമംഗലം എസ്‌ഐ ശരലാലിനെ കൈയേറ്റംചെയ്യാനും ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ കിരണിനെതിരെ ചടയമംഗലം പൊലീസിൽ കേസുണ്ട്‌. ചടയമംഗലം പൊലീസിലുള്ള രേഖകളും എസ്‌ഐയുടെയും വിസ്‌മയയുടെ വീട്ടുകാരുടെയും മൊഴികളും കുറ്റപത്രം ബലപ്പെടുത്താൻ സഹായകമാകുമെന്ന വിലയിരുത്തലിലാണ്‌ അന്വേഷകസംഘം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top