12 August Wednesday
സ്വർണം കൊണ്ടുവന്നത്‌ 26ന്‌ നാട്ടിലെത്തിയ ആൾ

ദുബായിൽനിന്നു‌ കടത്തിയ സ്വർണവുമായി കോഴിക്കോട്‌ സ്വദേശികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
ചാത്തന്നൂർ
രേഖകളില്ലാതെ കടത്തിയ സ്വർണവുമായി കോഴിക്കോട്‌ സ്വദേശികൾ പിടിയിൽ. കൊടുവള്ളി മൂലയിൽ വീട്ടിൽ ഷമീർ (38), കണ്ണാടിപ്പൊയിൽ വീട്ടിൽ മുഹമ്മദ് (40) എന്നിവരാണ് 340 ഗ്രാം സ്വർണവുമായി  പിടിയിലായത്.
 26ന്‌ ദുബായിൽനിന്നെത്തിയ ചാത്തന്നൂർ കാരംകോട് വിസ്മയ വീട്ടിൽ ജോസ്ദാസ് (35) അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വർണമാണിത്‌. ദുബായിൽനിന്നു വെള്ളിയാഴ്‌ച രാത്രി‌ ഏഴരയോടെയാണ് തിരുവനന്തപുരം എയർപോർട്ട് വഴി   നാട്ടിലെത്തിയത്. തുടർന്ന് ആദിച്ചനല്ലൂർ പ്ലാക്കാട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജോസ് ദാസ് കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങാൻ എത്തിയവരാണ് കോഴിക്കോട് സ്വദേശികളായ ഷമീറും മുഹമ്മദും. 
കണ്ണനല്ലൂർ സിഐ വിപിന്റെ നേതൃത്വത്തിൽ  പൊലീസ് നൈറ്റ് പട്രോളിങ്‌ ഡ്യൂട്ടിക്കിടെ വെളുപ്പിന് നാലോടെയാണ് ആദിച്ചനല്ലൂർ സൊസൈറ്റിക്കു സമീപം അടിമുക്കിൽ സംശയാസ്പദമായി കോഴിക്കോട്  രജിസ്ട്രേഷനിലുള്ള കാർ കണ്ടെത്തിയത്‌. പൊലീസിനെക്കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. തുടർന്ന് കാർ പരിശോധിച്ചപ്പോഴാണ്‌  170 ഗ്രാം വീതമുള്ള രണ്ടു മാലകളായി 340 ഗ്രാം സ്വർണം പിടിച്ചെടുത്തത്‌. ജോസ് ദാസിനെതിരെയും കേസ് എടുത്തു. ഇയാൾ ക്വാറന്റൈനിൽ നിരീക്ഷണത്തിലാണ്. ഇൻസ്പെക്ടർമാരായ യു പി വിപിൻ, ജസ്റ്റിൻ ജോൺ, എസ്‌ഐ റെനോക്സ്, അസിസ്റ്റന്റ്‌ എസ്‌ഐ നിസാമുദീൻ, രാമചന്ദ്രൻ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് സ്വർണക്കടത്ത് പിടികൂടിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top