11 August Tuesday
അടുത്തയാഴ്‌ച പ്രവർത്തനം തുടങ്ങും

ആദ്യ പോക്‌സോ കോടതി കരുനാഗപ്പള്ളിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കരുനാഗപ്പള്ളി 
ജില്ലയിലെ ആദ്യ പോക്‌സോ കോടതി അടുത്തയാഴ്‌ച‌ കരുനാഗപ്പള്ളിയിൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത്‌ തുടങ്ങുന്ന 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ രണ്ട്‌‌ പോക്‌സോ കോടതി ജില്ലയിലാണ്‌ അനുവദിച്ചത്.
പുനലൂരിലാണ്‌ രണ്ടാമത്തെ കോടതി.  മാർക്കറ്റിനു കിഴക്കുവശത്തെ ആലുംമുക്കിനു സമീപമാണ് കരുനാഗപ്പള്ളിയിൽ കോടതി ആരംഭിക്കുന്നത്. കോടതിക്കായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഫർണിച്ചറുകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്‌. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജ് സി സുരേഷ് കുമാർ ബാർ അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. 
ആർ രാമചന്ദ്രൻ എംഎൽഎയുടെയും ബാർ അസോസിയേഷന്റെയും ഇടപെടലിനെ തുടർന്നാണ്‌ കോടതി വേഗത്തിൽ യാഥാർഥ്യമാകുന്നത്. കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മുനിസിപ്പാലിറ്റിയും കണ്ടെത്തി നൽകി. സംസ്ഥാനത്ത് ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്യുന്ന പോക്‌സോ കോടതികളിൽ കരുനാഗപ്പള്ളിയുമുണ്ട്. 
കോടതിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ പോക്‌സോ കേസുകൾ ഇവിടെയാണ്‌ പരിഗണിക്കുക. ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയാണ് ഇവിടെ ഉണ്ടാകുക. ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടർ, സീനിയർ ക്ലർക്ക്, ബഞ്ച് ക്ലർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, അറ്റൻഡർ എന്നിങ്ങനെയാണ് കോടതിയിൽ അനുവദിച്ച മറ്റു ജീവനക്കാർ. 
വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യുന്ന എംഎസിടി കോടതിയും കരുനാഗപ്പള്ളിക്ക് അനുവദിച്ചിട്ടുണ്ട്. ഇതും ഉടൻ പ്രവർത്തനം തുടങ്ങും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top