09 July Thursday

പാൽക്കുളം മലിനീകരണം: നടപടിക്കൊരുങ്ങി മുനിസിപ്പാലിറ്റി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
കൊട്ടാരക്കര
പാൽക്കുളം മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കൊട്ടാരക്കര മുനിസിപ്പാലിറ്റി. ഒരാഴ്ചയായി ഇവിടെ മലിനജലം കെട്ടിക്കിടന്ന്‌ ദുർഗന്ധം രൂക്ഷമായതോടെ പരിസരവാസികൾ പരാതിയുമായി മുനിസിപ്പാലിറ്റിയെ സമീപിച്ചിരുന്നു. തുടർന്ന്‌ മൂന്നുദിവസം മുമ്പ് മുനിസിപ്പാലിറ്റി പരിശോധന നടത്തി കുളത്തിലെ വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. മലിനജലം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമസ്ഥർക്ക് നോട്ടീസ് നൽകി. കുളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെക്കൂടുതലാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് മുനിസിപ്പാലിറ്റി നടപടിക്കൊരുങ്ങിയത്. 
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാൽക്കുളം കാലങ്ങളായി ചതുപ്പാണ്. ഒന്നേമുക്കാൽ ഏക്കർ വരുന്ന ഇവിടം കക്കൂസ് മാലിന്യം തള്ളിയതോടെ കൂടുതൽ മലിനമായി. ഉടമസ്ഥർ ശ്രദ്ധിക്കാത്തത് സാമൂഹ്യവിരുദ്ധർക്ക് മാലിന്യംതള്ളാൻ അവസരമൊരുക്കി. ജില്ലാ വാട്ടർ അതോറിറ്റിയുടെ പരിശോധനാഫലം ഉൾപ്പെടുത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് മുനിസിപ്പാലിറ്റി റിപ്പോർട്ട് നൽകും. ടെമ്പിൾ നഗർ റസിഡൻസ് അസോസിയേഷൻ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പി അയിഷാപോറ്റി എംഎൽഎയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് നിർദേശം നൽകി.
കുറ്റക്കാർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ചാകും നടപടി. ജലാശയം മലിനമാക്കുന്നത്‌ രണ്ടുവർഷം വരെ തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടുന്ന കുറ്റമാണ്.
പ്രധാന വാർത്തകൾ
 Top