കൊട്ടാരക്കര
എംസി റോഡിൽ നിയന്ത്രണംവിട്ട ജീപ്പ് കൈവരിയിൽ ഇടിച്ചുമറിഞ്ഞ് 10 വയസ്സുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ കൊച്ചുകരിന്തരി ഈറ്റത്തോട് പുതുവലിൽ താമസിക്കുന്ന പാലയ്ക്കൽ സെൽവകുമാറിന്റെയും മേനകയുടെയും മകൾ നിവേദയാണ് മരിച്ചത്. വ്യാഴം രാത്രി 11ന് പനവേലി കൈപ്പള്ളി ജങ്‌ഷനിലായിരുന്നു അപകടം. ബന്ധുവിന്റെ കുഞ്ഞിന്റെ തലമുണ്ഡനചടങ്ങിന് ഒമ്പതുപേരടങ്ങുന്ന സംഘം ഉപ്പുതറയിൽനിന്ന് തമിഴ്നാട്ടിലെ ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു.
മറിഞ്ഞ ജീപ്പിനടിയിൽ കുരുങ്ങിയ പെൺകുട്ടിയെ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരപരിക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സാരമായി പരിക്കേറ്റ ജീപ്പ് ഡ്രൈവർ ജോമോൻ (32), സതീഷ് (29), മിത്ര (അഞ്ച്)എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ ജിയുപിഎസ് വിദ്യാർഥിനിയാണ് നിവേദ. സംസ്കാരം ശനി രാവിലെ 10ന് വീട്ടുവളപ്പിൽ.
സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു
ചടയമംഗലം
കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പോരേടം പുതുവൽ പുത്തൻവീട്ടിൽ പ്രസന്നന്റെ മകൻ പ്രവീൺ (26)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരിയോട് ചരുവിളവീട്ടിൽ ശ്രീജിത് (26)ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴം പകൽ 3.30ന് പോരേടം പെട്രോൾ പമ്പിനു സമീപമാണ് അപകടം. പള്ളിക്കലിൽനിന്ന് ചടയമംഗലം ഭാഗത്തേക്കുവന്ന കാർ എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവാക്കളെ ഉടനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീണ്‍ മരിച്ചു. ആറ്റിങ്ങലിൽ എസി എൻജിനിയറിങ് വിദ്യാർഥിയായിരുന്നു. അമ്മ: ലതിക. സഹോദരി: പ്രവീണ.
വൈദ്യുതി പോസ്റ്റില്‍ ബൈക്കിടിച്ച്
ഗൃഹനാഥൻ മരിച്ചു
ചവറ
റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. ചവറ ഭരണിക്കാവ് മുകുന്ദപുരം കുന്നുംപുറത്ത് വീട്ടിൽ മാത്യൂ വില്യംസ് (54)ആണ് മരിച്ചത്. വ്യാഴം രാത്രി 8.45ന് നല്ലേഴുത്തുമുക്കിനു കിഴക്ക് ചെക്കാട്ട് മുക്കിനു സമീപമാണ് അപകടം. ചവറ തട്ടാശേരിയിലുള്ള കോഴിക്കടയിൽനിന്ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തംവാർന്ന് കിടന്ന മാത്യൂ വില്യംസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷൈനി. മക്കൾ :മാക്സ് വെൽ, സിന്ധ്യ.
തട്ടുപൊളിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു
പുനലൂർ
കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. ചാലക്കോട് താന്നിമൂട്ടിൽ വീട്ടിൽ നിസാർ (48)ആണ് മരിച്ചത്. വാളക്കോട് ജമാഅത്ത് പള്ളിയിൽ നിർമാണത്തിലുള്ള വഞ്ചിപ്പെട്ടിയുടെ കോൺക്രീറ്റ് തട്ട് പൊളിക്കുന്നതിടെ അപകടത്തിൽപ്പെടുകയായിരുന്നു. പലകകളടക്കം ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റു. ആദ്യം പുനലൂർ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: സൈറാബാനു. മകൾ: ഹാദിയ. പുനലൂർ പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..