28 May Saturday

അന്വേഷണ മികവിന്‌ അംഗീകാരം

സ്വന്തംലേഖികUpdated: Friday Jan 28, 2022

പി ആർ ജയശങ്കർ

കൊല്ലം
സേവനവഴിയിൽ മികവിന്റെ കൈയൊപ്പ്‌ ചാർത്തിയ പൊലീസ്‌ ഉദ്യോഗസ്ഥനെ തേടിയെത്തിയത്‌ രാഷ്‌ട്രപതിയുടെ അംഗീകാരം. കോളിളക്കം സൃഷ്ടിച്ച ആട് ആന്റണി കേസ്, വണ്ടിപ്പെരിയാർ ഇരട്ടക്കൊലപാതകം, കുമളി വിദ്യാ കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രൈം കേസ്‌ അന്വേഷിച്ച് പഴുതില്ലാത്ത കുറ്റപത്രത്തിലൂടെ പ്രതികൾക്ക്‌ ശിക്ഷ ഉറപ്പാക്കിയ അഞ്ചാലുംമൂട്‌ സ്വദേശി പി ആർ ജയശങ്കറാണ്‌ ജില്ലയ്‌ക്ക്‌ അഭിമാനമായത്‌. രാഷ്ട്രപത്രിയുടെ പൊലീസ് മെഡലിന് അർഹനായ  ജയശങ്കർ തിരുവനന്തപുരം വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോയുടെ ദക്ഷിണ മേഖലാ എസ്‌പിയാണ്‌ ഇപ്പോൾ. 
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആയിരിക്കെയാണ് പൊലീസുകാരനായ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷലഭിച്ചു. വണ്ടിപ്പെരിയാർ ഇരട്ടക്കൊലപാതകത്തിൽ രണ്ട് പ്രതികൾക്കും വധശിക്ഷയും കുമളി വിദ്യാ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചത്‌ ജയശങ്കറിന്റെ  അന്വേഷണ മികവിനു ചില ഉദാഹരണങ്ങൾ മാത്രമാണ്‌. 2015ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ, 2017 –-ൽ വിജിലൻസ് വകുപ്പിന്റെ  ബാഡ്ജ് ഓഫ് ഓണർ എന്നിവ ലഭിച്ചു.1995 –-ൽ എസ്ഐയായി സർവീസിൽ പ്രവേശിച്ച ജയശങ്കർ കാസർകോട്‌, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്റ്റേഷനിൽ ജോലിചെയ്തു. 2008–-ൽ ഡിവൈഎസ്‌പിയായി എറണാകുളം വിജിലൻസ് റേഞ്ചിലും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തും പ്രവർത്തിച്ചു. പിന്നീട് കരുനാഗപ്പള്ളി എസിപി,  കൊല്ലം വിജിലൻസ്, കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവച്ചു. 2017ൽ പൊലീസ് സൂപ്രണ്ടായി. 
കടവൂർ ജയവിഹാറിൽ യൂക്കോബാങ്ക് റിട്ട. മാനേജർ പരേതനായ രമേശ് ചന്ദ്രന്റെയും രാധയുടെയും മകനാണ്. ഭാര്യ: ശ്രീലത. മക്കൾ: ദേബാ ശങ്കർ, ദിയാ ശങ്കർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top