06 December Monday

‘ഡോൾഫിനൊപ്പം’ നീന്താം 
ജീവന്റെ കര തൊടാം

സുരേഷ്‌ വെട്ടുകാട്‌Updated: Wednesday Oct 27, 2021
കരുനാഗപ്പള്ളി 
‘നീന്തലറിയാത്തതിനാൽ ഒരു കുരുന്നുജീവൻ പോലും ജലാശയത്തിൽ പൊലിയരുത്‌... ഒരു മണിക്കൂർകൊണ്ട് നീന്തൽ പഠിക്കാനാകുമെന്നിരിക്കേ എന്തുകൊണ്ട്‌ എല്ലാവരും ഇതിനു പ്രാധാന്യം നൽകുന്നില്ല’?– സാഹസിക നീന്തൽതാരമായ ഡോൾഫിൻ രതീഷിന്റേതാണ്‌ ചോദ്യം. വായുവിൽ ചോദ്യം എറിയുക മാത്രമല്ല, ഈ ലക്ഷ്യത്തിനായി കടലിലും കായലിലും കുട്ടികൾക്ക്‌ നീന്തൽ പരിശീലനം നൽകുകയാണ്‌ രതീഷ്‌. 
നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തിൽ വർഷം 1200 മുതൽ 1500പേര്‍ വരെയാണ്‌ മുങ്ങിമരിക്കുന്നത്‌. ദേശീയതലത്തിൽ ഇത്‌ 3.60 ലക്ഷത്തിനു മുകളിലാണ്‌. മുങ്ങിമരണം കുറയ്‌ക്കുന്നതിനുള്ള ചെറിയശ്രമം എന്ന നിലയ്‌ക്കാണ്‌ ടിഎസ് കനാലിലും അറബിക്കടലിലുമായി നിരവധി കുട്ടികൾക്ക് രതീഷ്‌ നീന്തൽ പരിശീലകനാകുന്നത്. പ്രാഥമിക ശുശ്രൂഷ, വെള്ളത്തിലെ അപകടങ്ങളെക്കുറിച്ച്‌ ബോധവൽക്കരണം എന്നിവയും ഇതോടൊപ്പം നൽകുന്നു. പുലർച്ചെ തുടങ്ങുന്ന പരിശീലനം പല ബാച്ചിലായി മണിക്കൂറുകള്‍ തുടരും. 
കൈകാലുകൾ ബന്ധിച്ച് അഞ്ചു മണിക്കൂർ 11 മിനിറ്റ് നീന്തി ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചയാളാണ്‌ രതീഷ്. ആലപ്പാട് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബാംഗമായ ഇദ്ദേഹം മൂന്നുതവണ ലിംകാ റെക്കോഡ്സും നേടി. 34 കിലോമീറ്റർ ദൈർഘ്യമുള്ള ലണ്ടനിലെ ഇംഗ്ലീഷ് ചാനൽ  നീന്തി ചരിത്രം രചിക്കുകയാണ് രതീഷിന്റെ അടുത്ത ലക്ഷ്യം. 
ടൂറിസം വകുപ്പിന്റെ ലൈഫ് ഗാർഡായി കൊല്ലം ബീച്ചിൽ സേവനം അനുഷ്ഠിക്കുന്ന രതീഷ് കടലിലും മറ്റും അപകടത്തിൽപ്പെട്ട നിരവധിപേർക്ക് രക്ഷകനായിട്ടുണ്ട്. സർക്കാരിന്റെ ബെസ്റ്റ് ലൈഫ് ഗാർഡ് അംഗീകാരവും തേടിയെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top