24 November Tuesday
സ്വന്തം ലേഖകന്‍

മൂന്നു വയസ്സുള്ള മകനുമായി യുവതി കായലിൽ ചാടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

രാഖി, മകൻ ആദി

കുണ്ടറ
മൂന്നുവയസ്സുള്ള മകനുമായി യുവതി അഷ്ടമുടിക്കായലിൽ ചാടി മരിച്ചു. പെരിനാട് ഇടവട്ടം വെൽഫെയർ സ്കൂളിനു സമീപം സിജു ഭവനിൽ രാഖി (22), മകൻ ആദി (3)എന്നിവരാണ്‌ മരിച്ചത്‌. സംഭവത്തെ തുടർന്ന്‌ സ്വകാര്യ ബസ് കണ്ടക്ടറായ ഭർത്താവ്‌ സിജുചന്ദ്രൻ ഒളിവിൽപോയി‌. ഞായറാഴ്ച പകൽ രണ്ടിനാണ്‌‌ കൈക്കുഞ്ഞുമായി രാഖി‌ വീടുവിട്ടിറങ്ങിയത്‌. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്‌ നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച രാവിലെ 10ന് കൈതാകോടി പാലക്കടവ് കായൽവാരത്ത് രാഖിയുടെ‌ മൃതദേഹം കണ്ടെത്തി. കൊല്ലത്തുനിന്നെത്തിയ സ്കൂബാ സംഘം‌ പകൽ ഒന്നിന് ആദിയുടെ മൃതദേഹവും കണ്ടെടുത്തു‌. 
പാലക്കടവ് സ്വദേശി യശോധരൻപിള്ളയുടെയും രമയുടെയും രണ്ടാമത്തെ മകളാണ് രാഖി. നാലുവർഷം മുമ്പായിരുന്നു സമീപവാസിയായ സിജുവുമായുള്ള വിവാഹം. മദ്യപാനിയായ സിജു നിരന്തരം ഭാര്യയെ ഉപദ്രവിക്കുമായിരുന്നെന്ന് സമീപവാസികൾ പൊലീസിനോട്‌ പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ്‌ ഇയാൾ രാഖിയെ കെട്ടിയിട്ട് ഉപദ്രവിച്ചിരുന്നതായും പറയുന്നു. സിജുവിന്റെ മർദനത്തെ തുടർന്നാണ് രാഖി മകനുമായി ഞായറാഴ്ച പകൽ രണ്ടിന് വീടുവിട്ടിറങ്ങിയതെന്ന്‌ പൊലീസ്‌ 
പറഞ്ഞു. 
വൈകിട്ട് അഞ്ചോടെ സിജു സമീപത്ത് വാടകയ്‌ക്ക്‌ താമസിക്കുന്ന യശോധരൻപിള്ളയെ വിളിച്ച് ഭാര്യയെയും മകനെയും കാണാനില്ലെന്ന് അറിയിച്ചു. വീട്ടിലെത്തിയ യശോധരൻപിള്ളയെ സിജു മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യശോധരൻപിള്ളയുടെ കൈവിരലിന്‌  പരിക്കേറ്റു‌. 
പാലക്കടവ് കായൽവാരത്ത് മൃതദേഹങ്ങൾ കണ്ടതായി പ്രചരിച്ചതോടെ പൊലീസ് രാത്രി  തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച പകൽ സംസ്കരിക്കും. കുണ്ടറ പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top