02 December Friday
ഡിസിസി ഭാരവാഹി യോഗം ഇന്ന്‌

ജോഡോ വീഴ്ചകൾ
ചർച്ചയാകും

സ്വന്തം ലേഖകൻUpdated: Tuesday Sep 27, 2022
കൊല്ലം
ജില്ലാ നേതാക്കളെയടക്കം പുറത്താക്കിയും കോ–-ഓർഡിനേറ്ററായ മുതിർന്ന നേതാവിനെ റോഡിലിട്ട്‌ ചവിട്ടിയും വിവാദമായ ഭാരത്‌ ജോഡോ യാത്രയ്‌ക്കുശേഷം ചൊവ്വാഴ്‌ച കൊല്ലത്ത്‌ ഡിസിസി ഭാരവാഹി യോഗം. 
ഭാരത്‌ ജോഡോ യാത്രയുടെ ജില്ലയിലെ പ്രകടനം വിലയിരുത്താൻ രാവിലെ ഡിസിസി ഓഫീസിൽ ചേരുന്ന യോഗത്തിൽ കെപിസിസി അംഗങ്ങളും വിവിധ പോഷകസംഘടനാ ഭാരവാഹികളും പങ്കെടുക്കും. സംസ്ഥാനത്ത്‌ ഭാരത്‌ ജോഡോ യാത്ര കടന്നുപോയ സ്ഥലങ്ങളിൽ ഏറ്റവുമധികം വിവാദം ഉയർന്ന ജില്ലയാണ്‌ കൊല്ലം. കെപിസിഡി നിർദേശം മറികടന്ന്‌ സ്വകാര്യ മെഡിക്കൽകോളേജിൽനിന്ന്‌ ഡിസിസി പ്രസിഡന്റ്‌ ഒരു ലക്ഷം രൂപ പിരിച്ചതുമായി ബന്ധപ്പെട്ട്‌ ഉയർന്ന ആരോപണം തുടക്കത്തിൽത്തന്നെ കല്ലുകടിയായി. യാത്ര ജില്ലയിൽ പ്രവേശിച്ച്‌ മൂന്നാം നാൾ പിരിവിന്റെ പേരിൽ മൂന്ന്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഡിസിസി പ്രസിഡന്റ്‌ തന്നെ  നടപടിയെടുക്കേണ്ടിവന്നു. 
തുക  കുറഞ്ഞതിന്റെ പേരിൽ കുന്നിക്കോട്ടെ വഴിയോര പച്ചക്കറിക്കടയിൽ അക്രമം നടത്തിയ വിളക്കുടി വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ സലിം സൈനുദീൻ, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അനീഷ്‌ഖാൻ, ഡിസിസിഅംഗം കുന്നിക്കോട്‌ ഷാജഹാൻ എന്നിവരാണ്‌ പുറത്തായത്‌.  ഫണ്ട്‌പിരിവ്‌ പൊലീസ്‌ കേസായി ദേശീയവാർത്തയാകുകയും ചെയ്‌തതാണ്‌ നടപടിയിലെത്തിച്ചത്‌.  ജില്ലയിലെ ആദ്യദിനം സ്വീകരണത്തിനിടെ മുതിർന്ന കോൺഗ്രസ്‌ നേതാവും യാത്രയുടെ ജില്ലാ കോ–- ഓർഡിനേറ്ററുമായ കെ സി രാജനെ പ്രവർത്തകർ നിലത്തിട്ടു ചവിട്ടി. 4000 രൂപയും രേഖകളും അടങ്ങിയ പേഴ്‌സും കവർന്നു. 
സംഭവത്തിൽ ഡിസിസി പ്രസിഡന്റിനോട്‌ കെപിസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. വളന്റിയർ പാസിനെച്ചൊല്ലി യൂത്ത്‌കോൺഗ്രസുകാർ അർധരാത്രി ഗ്രൂപ്പുതിരിഞ്ഞ്‌ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനുള്ള കുട്ടികൾക്ക്‌ സ്‌കൂൾ പ്രവൃത്തിസമയം ഡിസിസി ഓഫീസിൽ പരിശീലനം നൽകിയതും യാത്രയ്‌ക്ക്‌ ജയ്‌ വിളിക്കാൻ പിആർ ഏജൻസി നിർബന്ധിച്ചതും വിവാദമായി. സ്ഥിരം യാത്രക്കാർക്ക്‌ പല സ്ഥലത്തും വെള്ളവും വെളിച്ചവും കിട്ടാതെ വന്നത്‌ നേതൃത്വത്തെ മുൾമുനയിൽനിർത്തി. 
ഇതിനിടെ  കരുനാഗപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന്‌ പ്രവർത്തകർ ആശുപത്രിയിലായി. രാഹുൽഗാന്ധിയടക്കം നേതാക്കൾ  റോഡിലുടെ നടക്കുമ്പോൾ ഡിസിസി പ്രസിഡന്റ്‌ വാഹനത്തിൽ സഞ്ചരിച്ചത്‌ കടുത്ത വിമർശനത്തിനിടയാക്കി. രണ്ടാംദിവസം കൊല്ലം നഗരത്തിൽ യാത്രയെ വരവേൽക്കാനും ആളില്ലാത്ത സ്ഥിതിയുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top