31 October Saturday

കോവിഡേ... നിന്നെ ‘തുടച്ചു’നീക്കും

പി ആർ ദീപ്‌തിUpdated: Sunday Sep 27, 2020

കുടുംബശ്രീയുടെ ഡിസ്‌ഇൻഫെക്‌ഷൻ യൂണിറ്റ്‌

കൊല്ലം
കാണാമറയത്ത്‌ പതുങ്ങിയിരിക്കുന്ന മഹാമാരിയുടെ അണുക്കളെ തുടച്ചുനീക്കാൻ കുടുംബശ്രീയും. പിപിഇ കിറ്റും ബൂട്‌സും അണിഞ്ഞ് സ്‌ത്രീക്കൂട്ടായ്‌മ  ‌ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ  നിമിഷങ്ങൾക്കുള്ളിൽ അണുവിമുക്തമാക്കും. വീടുകളും സർക്കാർ –-സ്വകാര്യ സ്ഥാപനങ്ങളും വാഹനങ്ങളും  അണുവിമുക്തമാക്കാൻ  കുടുംബശ്രീയുടെ ഡിസ്‌ഇൻഫെക്‌ഷൻ യൂണിറ്റ്‌ സജ്ജമാണ്‌. 
ആദ്യഘട്ടം 11 ടീമുകളിലായി 66 പേരാണുള്ളത്‌. മൂന്നു ടീമുകൾ പരിശീലനം പൂർത്തിയാക്കി ‌പ്രവർത്തനം തുടങ്ങി.  പെരിനാട് പഞ്ചായത്ത്‌‌, പുനലൂർ, പരവൂർ മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലാണ്‌ ഇവയുടെ  പ്രവർത്തനം.  അടുത്തയാഴ്‌ച  ശേഷിച്ച ടീമുകളും രംഗത്തിറങ്ങും. സ്‌പ്രേയർ ഉപയോഗിച്ചാണ്‌ അണുനശീകരണം. പവർ സ്‌പ്രേയർ പ്രവർത്തിപ്പിക്കാനും ‌അണുനാശിനിയായ  ഹൈപ്പോക്ലോറേറ്റ്‌ ലായനി തയ്യാറാക്കാനും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ്‌ പരിശീലനം. കോവിഡ്‌ പ്രതിരോധത്തിനും പരിശീലനമുണ്ട്‌. സ്‌പ്രെയർ, ഏണി, ഹോസ് തുടങ്ങി അണുനശീകരണത്തിന്‌ വേണ്ട ഉപകരണങ്ങൾ കുടുംബശ്രീ  നൽകുന്നു.  കഴുകി ഉപയോഗിക്കാവുന്ന മുന്തിയ ഇനം പിപിഇ കിറ്റ്‌, യൂണിഫോം, ബൂട്‌സ്‌ എന്നിവയും ലഭ്യമാക്കും. ബഹുനില കെട്ടിടങ്ങളിൽ ഇവരെ സഹായിക്കാൻ യൂണിറ്റിൽ ഒരു പുരുഷന്റെ സേവനവും ഉണ്ടാകും. കോവിഡ്‌ സാഹചര്യം ഒഴിഞ്ഞാലും  യൂണിറ്റുകൾ ശുചീകരണത്തിൽ  പങ്കാളികളാകും. വിശേഷ അവസരങ്ങളിൽ ഉൾപ്പെടെ വീടുകൾ കഴുകി വൃത്തിയാക്കാനും  സേവനം പ്രയോജനപ്പെടുത്താം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സേവനം ഉറപ്പാക്കാൻ മൊബൈൽ ടീമിനും രൂപം നൽകുമെന്ന്‌ കുടംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ എ ജി സന്തോഷും അസിസ്‌റ്റന്റ്‌ കോ –-ഓർഡിനേറ്റർ  എസ്‌ സബൂറാ ബീവിയും പറഞ്ഞു. 
ശുചീകരണം: 
നിരക്ക്‌ ഇങ്ങനെ
ഒരു പ്രാവശ്യം അണുമുക്തമാക്കാൻ  സർക്കാർ സ്ഥാപനങ്ങൾക്ക്‌  1.85 രൂപയും  സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 2.25 രൂപയുമാണ്‌ ഒരു ചതുരശ്ര അടിക്ക്‌ നൽകേണ്ടത്‌. ദിവസം രണ്ടുതവണ അണുമുക്തമാക്കാൻ  1000 ചതുരശ്ര അടിവരെയുള്ള  സർക്കാർ കെട്ടടിങ്ങൾക്ക്‌ 2450 രൂപയാകും.  
വ്യക്തികൾ ‌ 3000 രൂപനൽകണം. സർക്കാർ വാഹനങ്ങൾ (കാർ, ജീപ്പ്‌) 450 രൂപയും സ്വകാര്യ വാഹനങ്ങൾക്ക്‌ 550രൂപയുമാണ്‌. വാൻ (950 രൂപ), മിനി ബസ്, ബസ്‌  (1200),   ട്രക്ക്‌  (1500) എന്നിങ്ങനെയാണ്‌ നിരക്ക്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top