26 October Monday

സാന്ത്വനമാകാൻ കൂടുതൽ കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
ചവറ
മുതിർന്ന സിപിഐ എം നേതാവായിരുന്ന എം കെ ഭാസ്‌കരന്റെ സ്‌മരണാർഥം രൂപീകരിച്ച എം കെ ഭാസ്‌കരൻ പാലിയേറ്റീവ് കെയർ സെന്ററിന്റെ കേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക്‌ ഞായറാഴ്ച തുടക്കമാകും. പന്മന ഇടപ്പള്ളിക്കോട്ടയിൽ നിർമിച്ച ഓഫീസ്‌ വൈകിട്ട്‌ നാലിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ  ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. ആംബുലൻസിന്റെ സമർപ്പണം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവഹിക്കും. യോഗത്തിൽ എം കെ ഭാസ്‌കരൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി ടി മനോഹരൻ അധ്യക്ഷനാകും. 
വിവിധ വാർഡുകളിലുള്ള ആശാ വർക്കർമാരിൽനിന്നു കിടപ്പുരോഗികളുടെ ലിസ്റ്റ് തയ്യാറാക്കി വേണ്ട പരിചരണവും ശുശ്രൂഷയും ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കും. കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കാനും ഒറ്റപ്പെടൽ അനുഭവിക്കുന്ന രോഗികൾക്ക് മാനസികോല്ലാസം നൽകി ആശ്വാസമേകാനും തെരഞ്ഞെടുത്ത വളന്റിയർമാരുണ്ടാകും. രോഗികൾക്ക് ആവശ്യമുള്ള സാഹചര്യങ്ങളിൽ ആംബുലൻസ്‌ സേവനവും ഉപയോഗപ്പെടുത്താം. 
അഞ്ചു കിടപ്പുരോഗികൾക്ക് ഒരു വളന്റിയർ എന്ന നിലയിലാണ്‌ വള‌ന്റിയർ സേനയെ ഒരുക്കിയിട്ടുള്ളത്‌. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഡോക്ടർമാരുടെ സേവനവുമുണ്ടാകും. പന്മന പഞ്ചായത്തിൽ തുടക്കം കുറിക്കുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾ മറ്റു പഞ്ചായത്തുകളിലേക്കും വിപുലീകരിക്കും.  
പന്മനയിൽ  ജീവിതശൈലി രോഗനിർണയ പരിപാടി എം കെ പാലിയേറ്റീവ് സെന്റർ ഏറ്റെടുത്തിരുന്നു. നാലുപേരടങ്ങുന്ന നേഴ്സുമാർ വീടുകളിലെത്തിയാണ് പരിശോധനകൾ നടത്തിയത്. ഇവർക്കാവശ്യമായ മരുന്നുകളും വീൽചെയറുകളും സെന്റർ നൽകിയിരുന്നു. പാലിയേറ്റീവ് രംഗത്ത് മാതൃകാപരമായ ഇടപെടലുകൾ നടത്തി മുന്നോട്ടുപോകാൻ കഴിയുമെന്നും രാഷ്ട്രീയഭേദമെന്യേ ഏവർക്കും പരിചരണം ഉറപ്പാക്കുമെന്നും എം കെ ഭാസ്‌കരൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി  പ്രസിഡന്റ്‌ ആർ രവീന്ദ്രനും സെക്രട്ടറി പി കെ ഗോപാലകൃഷ്ണനും അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top