20 October Sunday

ഇന്ദിരയ്‌ക്കും കൊച്ചുമക്കൾക്കും ലൈഫ്‌ ഹാപ്പിയാകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

ഇന്ദിരയ്‌ക്കും പേരക്കുട്ടികൾക്കുമായി ലൈഫ്‌ പദ്ധതിയിൽ നിർമിച്ച വീട്‌

 

കൊല്ലം
സാമ്പത്തിക സഹായവുമായി സർക്കാരിന്റെ ലൈഫ്‌ പദ്ധതി, കല്ലും മണ്ണും ചുമന്ന്‌ കോളേജ്‌ വിദ്യാർഥികൾ, മേൽനോട്ടവുമായി കോളേജിലെ സിവിൽ എൻജിനിയറിങ്‌ വിഭാഗം... ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ വേളമാനൂർ പുലിക്കുഴി സുഗന്ധി വിലാസത്തിൽ ഇന്ദിരയ്‌ക്കും കൊച്ചുമക്കൾക്കും വീടൊരുങ്ങിയത്‌ ഇങ്ങനെയാണ്‌. ഈ കുഞ്ഞുകുടുംബം ഇനി ഈ വീട്ടിൽ ഹാപ്പിയായി കഴിയും. അമ്മ സുഗന്ധിയുടെ മരണശേഷം സുരക്ഷിതമായ ഇടം കണ്ടെത്താനാകാതെ അമ്മൂമ്മ അനാഥാലയത്തിലേക്കു മാറ്റിയ കുട്ടികളുടെ ജീവിതമാണ്‌  സർക്കാരിന്റെ ഭവന പദ്ധതിയിലൂടെ തളിർക്കുന്നത്‌.  
ഇന്ദിര ആവാസ് യോജന പ്രകാരം രണ്ടുലക്ഷം രൂപ വീട് നിർമാണത്തിന്‌ അനുവദിച്ചിരുന്നു. സുഗന്ധിയുടെ മരണവും അച്ഛൻ  കേസിൽ ജയിലിലാകുകയും ചെയ്‌തതോടെ  കുഞ്ഞുങ്ങൾ ഒറ്റയ്‌ക്കായി. തുണയായി അമ്മൂമ്മ ഇന്ദിരയെത്തി.  നോക്കിനടത്താൻ ആളില്ലാതെ നിർമാണം മുടങ്ങിയ വിട്‌ നശിച്ചുതുടങ്ങി.  
എന്നാൽ ലൈഫ്  പദ്ധതി  ഇവരുടെ വീട്‌ എന്ന സ്വപ്‌നത്തിന്‌ വീണ്ടും നിറം പകർന്നു.  ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത് പുനർനിർമാണത്തിന് മുൻകൈയെടുത്തു.  ഇന്ദിരയ്ക്ക്‌ ലൈഫ് പദ്ധതി സഹായമായി 1,20,000 രൂപ അനുവദിച്ചു. നിർമാണം ഏറ്റെടുക്കാൻ ഇന്ദിരയ്ക്കു കഴിയാത്തതിനാൽ പാരിപ്പള്ളി യുകെഎഫ് എൻജിനിയറിങ്‌ കോളേജ് സഹായത്തിനെത്തി.   
കോളേജിലെ സിവിൽ എൻജിനിയറിങ്‌ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് വീടു നിർമിച്ചത്.  ഒരു ലക്ഷത്തിലധികം രൂപ അധ്യാപകരും കുട്ടികളും മാനേജ്മെന്റും  ചേർന്ന് വീടു നിർമാണത്തിനു നൽകി.  കുടുംബത്തിന് പുതിയ ലൈഫിലേക്കുള്ള താക്കോൽ യുകെഎഫ് എൻജിനിയറിങ്‌ കോളേജിൽ ജനപ്രതിനിധികൾ സാക്ഷിയായി ഫ്രഷേഴ്‌സ് ഡേ പരിപാടിയിലാണ് കൈമാറിയത്.
പ്രധാന വാർത്തകൾ
 Top