24 September Friday

ചാരായവാറ്റും മൊത്തവിൽപ്പനയും; കെഎസ്ആർടിസി കണ്ടക്‌ടർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

ചാരായം നിർമിച്ചു വിൽപ്പന നടത്തിയതിന് എക്‌സൈസ് അറസ്റ്റ് ചെയ്ത 
കെഎസ്ആർടിസി കണ്ടക്ടർ രാജൻ

ചവറ
വ്യാവസായിക അടിസ്ഥാനത്തിൽ വൻതോതിൽ ചാരായം നിർമിച്ചു വിൽപ്പന നടത്തിവന്ന കെഎസ്ആർടിസി കണ്ടക്‌ടർ അറസ്റ്റിലായി. തേവലക്കര അരിനെല്ലൂർ മുട്ടത്ത് വീട്ടിൽ സ്മിനു രാജനെ (34)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് പ്രതി. 150 ലിറ്റർ ചാരയവും 2,700 ലിറ്റർ കോടയും എക്‌സൈസ്‌ കണ്ടെടുത്തു. 
സഹോദരൻ സ്മിജോ രാജനുമായി ചേർന്ന് വീട്ടുവളപ്പിൽ പ്രത്യേകം സജ്ജീകരിച്ച ഗോഡൗണിലാണ്‌  വൻതോതിൽ ചാരായം നിർമിച്ചിരുന്നത്‌. സമീപവാസികൾ അറിയാതെ ചാരായം നിർമാണ കേന്ദ്രത്തിൽനിന്ന് വിദൂര സ്ഥലങ്ങളിലേക്ക്‌ കന്നാസുകളിലാക്കി രാത്രിയിൽ കായൽ മാർഗമാണ്‌ കൊണ്ടുപോയിരുന്നത്‌. 300 ലിറ്റർ കൊള്ളുന്ന വലിയ ബാരലുകളിലും വീപ്പകളിലും കോട നിറച്ച്  ഷെഡിൽ സൂക്ഷിച്ചിരുന്നു. 
സ്മിനു രാജനെ ആഴ്ചകളായി കരുനാഗപ്പള്ളി എക്‌സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. അരിനല്ലൂർ മുട്ടം കേന്ദ്രീകരിച്ച്  നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. കേസിൽ പ്രതിചേർക്കപ്പെട്ട സഹോദരൻ ഒളിവിലാണ്‌. എക്സൈസ് ഇൻസ്പെക്ടർ ജി പ്രസന്നന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി സന്തോഷ്, സുധീർബാബു, എസ് കിഷോർ, സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ അബ്ദുല്‍ മനാഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. തുടരന്വേഷണം കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ പി മോഹൻ ഏറ്റെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top