12 August Wednesday

സുരക്ഷയേകാൻ രജനിയുണ്ട്; കൂട്ടിന്‌ ബിനയും ബീനയും ‌

ജയന്‍ ഇടയ്ക്കാട്Updated: Saturday Jun 27, 2020
കൊല്ലം
‘പൊലീസ്‌ കെ നിർദേശോം കാ സബീ പാലൻ കരേ...’ ശ്രമിക്‌ ട്രെയിനിൽ നാട്ടിലേക്കു‌ മടങ്ങാൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന അതിഥിത്തൊഴിലാളികൾക്കുള്ള ഈ ശബ്ദത്തിന്റെ ഉടമ ഒരു ആർപിഎഫ്‌ ഉദ്യോഗസ്ഥയാണ്‌.  കേരളത്തിലെ ആദ്യത്തെ വനിതാ ആർപിഎഫ്‌ ഇൻസ്‌പെക്ടർ രജനി നായരാണ്‌ ഇവർ.  കൊല്ലത്തെ റെയിൽവേ  സുരക്ഷാചുമതലയിൽ  രണ്ടു വനിതകൾ കുടിയുണ്ട്‌. സബ്‌ ഇൻസ്‌പെക്ടർ എസ്‌ ബിനയും കോൺസ്റ്റബിൾ സി ജി ‌ബീനയുമാണ്‌.  
എട്ടുവർഷം മുമ്പ്‌‌ റെയിൽവേ സംരക്ഷണ സേനയിൽ സബ്‌ ഇൻസ്‌പെക്ടറായി ചേർന്ന രജനി  ഇൻസ്‌പെക്ടറാകുന്നത്‌ 2019ൽ ആണ്‌. മധുര സ്റ്റേഷനിലായിരുന്നു തുടക്കം. തിരുവനന്തപുരത്ത്‌ ബോംബ്‌ സ്‌ക്വാഡിൽ രണ്ടുവർഷവും സ്റ്റേഷനിൽ അഞ്ചു വർഷവും ജോലിചെയ്‌തു. അച്ഛന്‌ ജോലി ഡൽഹിയിലായിരുന്നതിനാൽ ജനിച്ചതും വളർന്നതും അവിടെ. കിളികൊല്ലൂർ സ്വദേശിയാണ്. ഭർത്താവ്‌ രമേശ്‌ സ്വകാര്യമേഖലയിൽ ജീവനക്കാരനാണ്‌. ഒരു മകനുണ്ട്‌. 
സിഐഎസ്‌എഫിൽ രണ്ടു വർഷം എസ്‌ഐയായ ശേഷമാണ്‌ ഏഴുവർഷം മുമ്പ്‌‌ ‌ബിന ‌ആർപിഎഫിൽ എത്തുന്നത്‌. കൊൽക്കത്തയിൽ ആയിരുന്നു ആദ്യം.  രണ്ടുവർഷം മുമ്പ്‌ കൊല്ലത്തെത്തി‌. ബിഎഡ്‌ ബിരുദധാരിയായ ബിന കബഡി താരമാണ്. അധ്യാപികയായും ജോലിചെയ്‌തു. പുതിയ ബാച്ചിന്‌ തൃച്ചിയിൽ പരിശീലനം‌ നൽകുന്നവരുടെ പട്ടികയിലും ബിനയുണ്ട്‌. ഇടവ വെൺകുളം സ്വദേശിയാണ്‌. അജുവാണ്‌ ഭർത്താവ്‌. രണ്ടു മക്കളുണ്ട്. 
20 വർഷമായി ആർപിഎഫിലുണ്ട്‌ സി ജി ബീന. ചെന്നൈ, തിരുവനന്തപുരം  ജോലി ചെയ്‌തു. ബിഎഡിനു‌ വിദ്യാർഥിയായിരിക്കെയാണ്‌  റിക്രൂട്ട്‌മെന്റ്‌. സ്‌പോർട്‌സ് ‌സ്‌കൂളിലെ പഠനം ജോലി എളുപ്പമാക്കി. കഴക്കൂട്ടം ചന്തവിളയ്‌ക്കടുത്താണ്‌ ‌താമസം. രണ്ടു മക്കളുണ്ട്‌. 
 24 ജീവനക്കാരാണ്‌ കൊല്ലം ആർപിഎഫിലുള്ളത്‌. വർക്കല മുതൽ ശാസ്‌താകോട്ട വരെയാണ്‌ കൊല്ലം ‌പ്രവർത്തന പരിധി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top