13 July Monday

ഉത്രയുടെ കൊലപാതകം പാമ്പിന്‌ ഡിഎൻഎ പരിശോധന

സ്വന്തം ലേഖകന്‍Updated: Wednesday May 27, 2020

ഉത്രയെ കടിച്ച മൂർഖന്റെ ജഡം പോസ്‌റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തപ്പോൾ

കൊല്ലം
അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ശാസ്‌ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കടിപ്പിച്ച മൂർഖന്റെ ജഡം പുറത്തെടുത്ത്‌ പോസ്റ്റ്‌മോർട്ടം നടത്തി. 
കടിച്ചത്‌‌ ഉഗ്രവിഷമുള്ള മൂർഖനാണെന്ന്‌ സ്ഥിരീകരിച്ചു. വീടിനു പിന്നിൽ ഉത്രയുടെ മൃതദേഹം സംസ്‌കരിച്ചതിനു‌ സമീപത്താണ്‌ 20 ദിവസം മുമ്പ്‌‌‌ ‌ പാമ്പിനെ കുഴിച്ചിട്ടത്‌. മണ്ണെണ്ണ ഒഴിച്ചതിനാൽ ജീർണിച്ച നിലയിലായിരുന്നു‌. പാമ്പിന്റെ വിഷപ്പല്ലും കണ്ടെടുത്തു‌.  
ചീഫ്‌ വെറ്ററിനറി സർജന്റെ പരിശോധനയിൽ 152 സെന്റീമീറ്റർ നീളമുള്ള മൂർഖന്‌‌ നാലുവയസ്സുണ്ടെന്നു‌ കണ്ടെത്തി. വിഷപ്പല്ലിന്റെ നീളം 0.6‌ സെന്റീമീറ്ററാണ്‌.‌ പൊലീസ്‌, ‌ഫോറൻസിക്‌, മൃഗസംരക്ഷണം, വനം ഉദ്യോഗസ്ഥരുടെ  സാന്നിധ്യത്തിലായിരുന്നു പരിശോധന. 
 ‌ഉത്രയുടെ ഇടതുകൈത്തണ്ടയിൽ പാമ്പുകടിയേറ്റ മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്‌താണ്‌ പരിശോധന‌. 
ഉത്രയെ കടിപ്പിച്ചത്‌ ഇതേ പാമ്പിനെക്കൊണ്ടാണോ എന്ന്‌ ഉറപ്പിക്കാൻ  ഹൈദരാബാദിലെ ലാബിൽ ഡിഎൻഎ പരിശോധനയും നടത്തും.  ശാസ്‌ത്രീയ തെളിവുകൾ പരമാവധി ഉൾപ്പെടുത്തി എത്രയും വേഗം  കുറ്റപത്രം സമർപ്പിക്കുമെന്ന്‌ റൂറൽ എസ്‌പി ഹരിശങ്കർ പറഞ്ഞു. 
ഒന്നാംപ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന്റെ കുടുംബാംഗങ്ങളുടെ പങ്കും‌ ‌‌അ‌ന്വേഷിക്കും‌‌. 
സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ കെ പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഉൾപ്പെടെ ചോദ്യംചെയ്യും. സഹോദരിയുടെ സുഹൃത്തിന്റെ പെരിങ്ങനാട്ടെ വീട്ടിൽനിന്നാണ്‌ സൂരജിനെ  17നു‌ രാത്രി  കസ്റ്റഡിയിലെടുത്തത്‌. 
സൂരജിനെ ഒളിവിൽ പോകാൻ‌ സഹോദരി സഹായിച്ചതായും  കണ്ടെത്തിയിട്ടുണ്ട്‌. സൂരജിന്‌ പാമ്പിനെ നൽകിയ സുരേഷ്‌ അണലിയെ കൈമാറാൻ‌ എത്തിയ കാറിൽ മൂന്നുപേർ കൂടി ഉണ്ടായിരുന്നതായും പൊലീസ്‌ സ്ഥിരീകരിച്ചു. 
ഭാര്യയുടെ സ്വത്ത്‌ ലക്ഷ്യമാക്കിയാണ്‌  സൂരജ്‌  കൊലപാതകം ആസൂത്രണംചെയ്ത്‌ നടപ്പാക്കിയതെന്നാണ്‌‌ പൊലീസിന്റെ റിമാൻഡ്‌‌ റി‌പ്പോർട്ട്‌. 
കേസിലെ രണ്ടാം പ്രതിയും പാമ്പുപിടിത്തക്കാരനുമായ  സുരേഷിന്റെ നിർലോഭ സഹായം സൂരജിനു‌ ലഭിച്ചു. 
പൊലീസ്‌ കസ്റ്റഡിയിലുള്ള പ്രതികളെ ബുധനാഴ്‌ച അടൂരിലും കല്ലുവാതുക്കലിലും എത്തിച്ച്‌ തെളിവെടുക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇരുവർക്കുമെതിരെ കേസുണ്ട്‌.  
 
പ്രധാന വാർത്തകൾ
 Top