02 December Wednesday

മീൻകറിയും കൂട്ടി ഊണ്‌; വിശപ്പിന് ലോക്ക്‌ഡൗൺ

സ്വന്തം ലേഖികUpdated: Friday Mar 27, 2020

 

കൊല്ലം
പണപ്പെട്ടിയുമില്ല കാഷ്യറുമില്ല, ഇവിടെ അന്നപ്പുരയിൽനിന്ന്‌ മീൻകറിയും കൂട്ടിയുള്ള ഊണ്‌ വീടുകളിലെത്തും. ആരുടെയും  വയറെരിയേണ്ട,  വിശക്കുന്നവർക്ക്‌ ഭക്ഷണം വീടുകളിലെത്തിക്കാൻ ജില്ലയിലും ജനകീയ ഭക്ഷണശാല തുറന്നു.  21 ദിവസത്തെ ലോക്ക്‌ഡൗണിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്കും  പാവപ്പെട്ടവർക്കും കൈത്താങ്ങാകുന്നത്‌ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയുമാണ്‌.   
 കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, ആലപ്പാട്‌, പിറവന്തൂർ തുടങ്ങി ഏഴോളം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച  പദ്ധതിക്ക്‌ തുടക്കമായി. 100 മുതൽ 300 പേർക്ക് ഉച്ചഭക്ഷണം തയ്യാറാക്കുവാൻ സൗകര്യമുള്ള ഇടങ്ങളിലാണ്‌ പാചകം.  മീൻകറി, തോരൻ, അച്ചാർ എന്നിവയടങ്ങിയതാണ്‌ ഭക്ഷണം. പാവപ്പെട്ടവർക്ക്‌ സൗജന്യമായാണ്‌ ഭക്ഷണം എത്തിക്കുക. മറ്റുള്ളവർക്ക്‌  20 രൂപയ്ക്കാണ് ഊണ്‌ നൽകുക.
പ്രവർത്തന മൂലധനമായി 50,000 രൂപ കുടുംബശ്രീ മിഷൻ നൽകും. 
ഓരോ ഊണിനും 10 രൂപ വീതം കുടുംബശ്രീ സബ്സിഡിയും നൽകും. സമീപത്തെ റേഷൻകടയിൽനിന്ന്‌ കിലോയ്ക്ക്‌ 10.90 രൂപയ്ക്ക്  അരി ലഭ്യമാക്കിയാണ്‌ ഭക്ഷണം പാചകംചെയ്യുന്നത്‌. 15 ഊണിന് രണ്ട് കിലോ എന്ന അളവിലായിരിക്കും അരി ലഭിക്കുക. സപ്ലൈകോ സ്‌റ്റോറുകളിൽനിന്ന്‌ പലവ്യജ്ഞനങ്ങളും ലഭ്യമാകും. കുടുംബശ്രീയുടെ കാറ്ററിങ്‌ യൂണിറ്റുകൾ, ഹോട്ടൽ എന്നിവയുടെ സഹായവും  പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ ജനകീയ ഭക്ഷണശാലയും നഗരസഭകളിൽ മൂന്നുമുതൽ  അഞ്ചു ഭക്ഷണശാലയുമാണ്‌ തുടങ്ങുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top