02 June Tuesday

അതിഥിത്തൊഴിലാളി ക്യാമ്പില്‍ പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
കൊല്ലം
അതിഥിത്തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊട്ടാരക്കരയിൽ 16 സ്ഥാപനങ്ങളിൽ ജില്ലാ ലേബർ ഓഫീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്. 
86 തൊഴിലാളികളെ നേരില്‍ കണ്ടു. ഇവർ സുരക്ഷിതരാണ്. പൂത്തൂർമുക്കിലെ ക്യാമ്പുകളായി പ്രവർത്തിക്കുന്ന മൂന്ന് ലോഡ്ജുകളിലും സന്ദർശനം നടത്തി. ഇവിടങ്ങളിൽ താമസിക്കുന്ന 200 തൊഴിലാളികൾക്ക് കെട്ടിട ഉടമ ആഹാരം നൽകുന്നുണ്ട്. തുടർന്ന് പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി കിച്ചൻ വഴി ആഹാരം എത്തിക്കാമെന്ന് കുളക്കട പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനൽകി.കൊട്ടിയത്തെ വിവിധ ക്യാമ്പുകളിലും പരിശോധന നടന്നു. തൊഴിലാളികൾക്ക് കൊറോണ രോഗപ്രതിരോധം സംബന്ധിച്ചും ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനെക്കുറിച്ചും ബോധവല്‍ക്കരണം 
നടത്തി. 
കൊല്ലം ബീച്ച് ഹോട്ടൽ, ഷാ ഇന്റർനാഷണൽ, റമീസ് എന്നിവിടങ്ങളിലെ അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണത്തിനും താമസത്തിനും സൗകര്യങ്ങൾ മാനേജ്മെന്റുകൾ ഒരുക്കിയിട്ടുണ്ട്. ഗുണഷേണായി കമ്പനിയുടെ ചാമക്കട, പാലത്തറ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ലോക്ക് ഡൗൺ കാലയളവിലെ സൗകര്യങ്ങൾ ഉടമ ഉറപ്പാക്കി. മടത്തറ ചല്ലിമുക്കിലെ പോബ്‌സ് ഫാക്ടറി, കരുനാഗപ്പള്ളി പുത്തൻതെരുവ് ക്ലാസിക് കാഷ്യൂ ഫാക്ടറി, വെസ്റ്റേൺ കാഷ്യൂ ഫാക്ടറി എന്നിവയിലെ അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും 
ഉറപ്പാക്കിയിട്ടുണ്ട്.
പുനലൂർ, പത്തനാപുരം, അഞ്ചൽ, ചക്കുവള്ളി, ശാസ്താംകോട്ട തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലും പരിശോധന നടത്തി. ജില്ലാ ലേബർ ഓഫീസർ (ജനറൽ)എ ബിന്ദു, ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) ടി ആർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാരടങ്ങുന്ന സംഘമാണ് പരിശോധന 
നടത്തിയത്.
പ്രധാന വാർത്തകൾ
 Top