21 October Thursday
പുനലൂർ കെഎസ്‌ആർടിസി ഗതാഗത മന്ത്രി സന്ദർശിച്ചു

വളർച്ച സൂപ്പർ ഫാസ്‌റ്റാകും

സ്വന്തം ലേഖകൻUpdated: Sunday Sep 26, 2021

പുനലൂരിലെ കെഎസ്‌ആർടിസി സബ്‌ ഡിപ്പോ ഗതാഗത മന്ത്രി ആന്റണി രാജു സന്ദർശിക്കുന്നു. പി എസ്‌ സുപാൽ എംഎൽഎ സമീപം

പുനലൂർ
പുനലൂർ കെഎസ്‌ആർടിസി സബ്‌ ഡിപ്പോ, ഡിപ്പോ ആയി ഉയർത്തുമെന്ന്‌ ഗതഗാത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനുള്ള ഉത്തരവ്‌ അഞ്ചുദിവസത്തിനുള്ളിൽ ഇറങ്ങും. ഡിപ്പോയിൽ ബിഒടി വ്യവസ്ഥയിൽ ഷോപ്പിങ്‌ മാൾ നിർമിക്കാൻ അനുമതി നൽകും. ഇതിന്‌ മുനിസിപ്പാലിറ്റി നിർദേശം സമർപ്പിക്കണം. പുനലൂർ കെഎസ്‌ആർടിസി സബ്‌ ഡിപ്പോ സന്ദർശിച്ചശേഷം പിഡബ്ല്യുഡി റെസ്‌റ്റ്‌ ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പെട്രോൾ പമ്പ്‌ 
പൊതുജനങ്ങൾക്കും
ഷോപ്പിങ്‌ കോംപ്ലക്‌സ്‌ നിർമിക്കുന്ന സ്ഥലത്തുള്ള പെട്രോൾ പമ്പ്‌ അവിടുന്ന്‌ മാറ്റി പൊതുജനങ്ങൾക്ക്‌ പ്രയോജനപ്പെടുംവിധം മാറ്റിസ്ഥാപിക്കും. ആര്യങ്കാവ് –-  കുളത്തുപ്പുഴ, തെന്മല–-കുളത്തൂപ്പുഴ എന്നീ കെഎസ്ആർടിസി ഓപ്പറേറ്റിങ്‌ സെന്ററിലും പുനലൂർ ഡിപ്പോയിലും  ഉള്ള ഓർഡിനറി റൂട്ട് പുനഃക്രമീകരിച്ച്‌  പുതിയത്‌ സമർപ്പിക്കാൻ പഞ്ചായത്തിനും മുനിസിപ്പാലിറ്റിയ്‌ക്കും നിർദേശം നൽകി.  എംഎൽഎ ഫണ്ടിൽ നിർമിക്കുന്ന ബസ്‌ കാത്തിരിപ്പു കേന്ദ്രം പൂർത്തിയായാൽ ഉടൻ തന്നെ ഓൺലൈൻ റിസർവേഷൻ കേന്ദ്രം ആരംഭിക്കും.  
ആര്യങ്കാവിനു പരിഗണന
ആര്യങ്കാവ് ഡിപ്പോ പരിധിയിൽ സർവീസ് നടത്താൻ കട്ട് ചെയ്സ് ബസുകൾ ആവശ്യമാണ്‌.  ഇത്തരം ബസുകൾ ലഭ്യമായാൽ ആദ്യ പരിഗണന  ആര്യങ്കാവിനു നൽകും. കൊല്ലം–-കുളത്തൂപ്പുഴ ചെയിൻ സർവീസിൽ വരുത്തിയിട്ടുള്ള സമയക്രമത്തിൽ യാത്രക്കാർക്കുള്ള ബുദ്ധിമുട്ട്‌ പരിഗണിച്ച്‌ പഴയ നിലയിൽ ക്രമീകരിക്കും. 
പുതിയ സർവീസുകൾ
പുനലൂർ–- പാലക്കാട്‌ സൂപ്പർഡീലക്സ് സൂപ്പർഫാസ്റ്റ് ആക്കും. പുനലൂർ -പാലാ- കൂത്താട്ടുകുളം- എറണാകുളം, ആര്യങ്കാവ് പുനലൂർ എറണാകുളം,  പുനലൂർ–-  നാഗർകോവിൽ എന്നീ സർവീസുകൾ തുടങ്ങും. പുനലൂർ എറണാകുളം വഴിക്കടവ് സൂപ്പർഫാസ്റ്റ് പുനലൂർ കോട്ടയം കോഴിക്കോട് എന്നീ സൂപ്പർഫാസ്റ്റുകളുടെ പുതിയ നിർദേശം കെഎസ്ആർടിസി ആരംഭിക്കുന്ന ട്രിവാൻട്രം  കലിക്കറ്റ് കോറിഡോർ സർവീസിന്റെ സാധ്യതാപഠനത്തിൽ ഉൾപ്പെടുത്തി റിപ്പോർട്ട്  വരുന്ന  മുറയ്ക്ക് ആരംഭിക്കും. എംഎൽഎയും മുനിസിപ്പാലിറ്റിയും ജനപ്രതിനിധികളും ഉന്നയിച്ച ആവശ്യങ്ങളും പരിഗണിക്കുമെന്നും ആന്റണി രാജു പറഞ്ഞു.  പുനലൂർ കെഎസ്ആർടിസി ഡിപ്പോ, കുളത്തൂപ്പുഴ, ആര്യങ്കാവ് ഓപ്പറേറ്റിങ് സെന്ററുകൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുനൽകുമെന്ന്‌ പി എസ്‌ സുപാൽ എംഎൽഎ ഉറപ്പുനൽകി.  യോഗത്തിൽ മുനിസിപ്പൽ അധ്യക്ഷ നിമ്മി എബ്രഹാം, ഉപാധ്യക്ഷൻ വി പി ഉണ്ണിക്കൃഷ്ണൻ, വി ദിനേശൻ, കെഎസ്‌ആർടിസി ഇഡിഒ പ്രദീപ്‌കുമാർ,  എസ്റ്റേറ്റ് ഓഫീസർ പ്രദീപ്കുമാർ, ഡിടിഒ മനീഷ്, എടിഒ ജയകുമാർ എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top